Site icon Janayugom Online

മായം ചേർത്ത വെളിച്ചെണ്ണ ഒഴുകുന്നു; നടുവൊടിഞ്ഞ് സംസ്ഥാനത്തെ ഉല്പാദകർ

അയൽസംസ്ഥാനങ്ങളിൽ നിന്നും മായം ചേർത്ത വെളിച്ചെണ്ണ വൻതോതിൽ കേരളത്തിലേക്കൊഴുകി തുടങ്ങിയതോടെ പിടിച്ചുനിൽക്കാൻ പാടുപെട്ട് സംസ്ഥാനത്തെ വെളിച്ചെണ്ണ ഉല്പാദകർ. നല്ല വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് നൂറ്റമ്പത് രൂപയിലധികം വിലവരുമ്പോൾ മായം കലർത്തിയ വെളിച്ചെണ്ണ ലിറ്ററിന് നൂറുരൂപയിൽ താഴെപ്പോലും ലഭ്യമാണ്. അതായത് വ്യാപാരിക്ക് ഈ ഉല്പന്നം ലഭിക്കുന്നത് എൺപതോ, തൊണ്ണൂറോ രൂപയ്ക്കാണ്. ഇടക്കാലത്ത് വ്യാപകമായ പരിശോധനകള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ വ്യാജ വെളിച്ചെണ്ണ വ്യാപനത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ കാര്യമായി നടക്കുന്നില്ല.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്നറിഞ്ഞിട്ടും ഭക്ഷ്യസുരക്ഷാവകുപ്പ് ഇവയെ നിയന്ത്രിക്കാന്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്. സഹകരണസംഘങ്ങളും ചെറുകിട മില്ലുകളും വിലകുറഞ്ഞ ഈ വെളിച്ചെണ്ണയുടെ വരവോടെ കടുത്ത പ്രതിസന്ധിയിലായി. നിറവും മണവുമില്ലാത്ത ദ്രവീകരിച്ച പാരഫിനാണ് മായം ചേർക്കാനായി കൂടുതല്‍ ഉപയോഗിക്കുന്നത്. നേരത്തെ മായം ചേർത്തതെന്നു കണ്ടെത്തിയ പതിനാല് ബ്രാന്റുകളെ കേരളത്തിൽ നിരോധിച്ചിരുന്നു. ഇവ പേരുമാറ്റി ഇപ്പോൾ മാർക്കറ്റിൽ സജീവമാണെന്ന് ആരോപണമുണ്ട്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഉപഭോക്താക്കൾ തുടരുന്ന ജാഗ്രതക്കുറവാണ് വ്യാജവെളിച്ചെണ്ണ ഒഴുകാൻ കാരണം. വെളിച്ചെണ്ണയിൽ നിലവാരം കുറഞ്ഞ എണ്ണകളും മറ്റു പദാർത്ഥങ്ങളും കലർത്തി വിപണനം നടത്തരുതെന്ന് ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടരുന്ന അനാസ്ഥ ഇത്തരം ഉല്പന്നങ്ങള്‍ക്ക് വിപണിയിൽ അടക്കി വാഴാൻ അവസരമൊരുക്കുന്നു, മധുരയ്ക്കടുത്ത് വിരുതനഗറിൽ നിന്നും കാങ്കയത്ത് നിന്നുമാണ് വൻതോതിൽ മായം കലർത്തിയ വെളിച്ചെണ്ണ കേരളത്തിലേക്കെത്തിക്കുന്നത്. ശുദ്ധമായ വെളിച്ചണ്ണയുടെ ഐവി വാല്യു 7.5 മുതൽ 10 വരെയാണ്. എന്നാൽ വ്യാജൻമാരിൽ ഐവി വാല്യു 26 മുകളിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മായം കണ്ടെത്താൻ പരിശോധന ശക്തമാക്കുന്നതോടൊപ്പം നല്ലത് വാങ്ങി ഉപയോഗിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുകയും ചെയ്താൽ മാത്രമേ കേരകർഷകർക്കും വെളിച്ചേണ്ണ ഉല്പാദകർക്കും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കഴിയൂ.

Eng­lish Sum­ma­ry: adul­ter­at­ed coconut oil to Ker­ala has increased
You may also like this video

Exit mobile version