Site iconSite icon Janayugom Online

ചുരം കയറി യാത്ര തുടരാൻ മുൻകരുതൽ തുകയും സത്യവാങ്മൂലവും

പെരുവഴിയിലായ ട്രെയ്ലർ ലോറികൾക്ക് ചുരം കയറി യാത്ര തുടരാൻ മുൻകരുതൽ തുകയും സത്യവാങ്മൂലവും നിർദ്ദേശിച്ച് അധികൃതർ. കൂറ്റൻ യന്ത്രങ്ങളുമായി എത്തി താമരശ്ശേരി ചുരം കയറാൻ അനുമതി നിഷേധിക്കപ്പെട്ട് രണ്ട് മാസത്തിലധികമായി അടിവാരത്ത് കുടുങ്ങിയ ലോറികൾക്ക് യാത്ര തുടരാൻ കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരുടെ പേരിൽ പത്തുലക്ഷം രൂപ വീതം കരുതൽ തുകയായി കെട്ടിവെക്കണമെന്നാണ് നിർദ്ദേശം. യാത്ര സംബന്ധിച്ച എല്ലാ ഉത്തരവാദിത്തവും കരാർ കമ്പനി വഹിക്കുമെന്ന സത്യവാങ്മൂലവും സമർപ്പിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങൾക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് കോഴിക്കോട് കളക്ട്രേറ്റിൽ സമർപ്പിക്കണം. പ്രശ്നങ്ങളൊന്നുമില്ലാതെ രണ്ട് വാഹനങ്ങളും ചുരം കയറുന്ന പക്ഷം തുക മടക്കി നൽകും. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം നിശ്ചിത മാതൃകയിൽ സത്യവാങ്മൂലവും ആവശ്യപ്പെട്ട തുകയ്ക്കുള്ള ഡിഡിയും സമർപ്പിച്ചശേഷം തുടർ യാത്ര ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് കരാർ കമ്പനി അധികൃതർ.

ചുരം കയറാൻ അനുമതി നിഷേധിക്കപ്പെട്ടതോടെ പന്ത്രണ്ടോളം ജീവനക്കാർ രണ്ട് മാസത്തിലധികമായി പെരുവഴിയിൽ ദുരിതം പേറി കഴിയുകയാണ്. ചെന്നൈയിൽ നിന്ന് കർണാടകയിലെ നഞ്ചങ്കോട്ടുള്ള നെസ്‍ലെ ഇന്ത്യ കമ്പനിയുടെ ബിസ്ക്കറ്റ് ഫാക്ടറിയിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായാണ് ലോറികൾ എത്തിയത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള യന്ത്രങ്ങളാണ് ലോറിയിലുള്ളത്. എന്നാൽ വലിയ യന്ത്രങ്ങളുമായി ചുരം കയരുമ്പോൾ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി അധികൃതർ തുടർ യാത്രാനുമതി നിഷേധിക്കുയായിരുന്നു. വാഹനത്തിന്റെ ഇരുഭാഗങ്ങളിലുമായി പുറത്തേക്ക് കടന്നു നിൽക്കുന്ന യന്ത്രങ്ങൾ മാർഗതടസത്തിന് കാരണമാകുമെന്നും ചുരം പൂർണമായും ഗതാഗത സ്തംഭനത്തിലാവുമെന്നും ചുരം സംരക്ഷണ സമിതി പ്രവർത്തകരുൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.

റോഡിന് കുറുകെ ലൈനുകൾ ഇല്ലാത്തതിനാൽ തടസമില്ലാതെ ചുരം വഴി കടന്നുപോകാനാവുമെന്ന് ലോറി ഡ്രൈവർമാർ വ്യക്തമാക്കിയിരുന്നെങ്കിലും അധികൃതർ ഇത് നിഷേധിച്ചു. ഇതോടെ രണ്ട് ലോറികളും അടിവാരത്ത് വഴിയോരത്ത് നിർത്തിയിട്ടിരിക്കുകയാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലുമാവാതെ പന്ത്രണ്ടോളം ജീവനക്കാർ പ്രതിസന്ധിയിലുമായി. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇവര്‍ കഴിഞ്ഞുപോകുന്നത്. തങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഉടനെയൊരു പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാവരും.

Eng­lish Sum­ma­ry: Advance amount and affi­davit to climb the thama­rassery hairpin
You may also like this video

 

Exit mobile version