Site iconSite icon Janayugom Online

സംരംഭകരംഗത്തെ മുന്നേറ്റം

സംസ്ഥാനം സംരംഭകരംഗത്ത് ഇനി കൊച്ചുകേരളമല്ല. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം എട്ടുമാസവും ഏഴ് ദിവസവും കൊണ്ട് നേടിയെടുത്തതോടെ സംരംഭകരംഗത്ത് വലിയൊരു സന്ദേശമാണ് സംസ്ഥാനം നൽകിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടിരിക്കുന്നത് കൃഷി-ഭക്ഷ്യസംസ്കരണ മേഖലയിലാണ്- 17,958. ആകെ, 250 ദിവസങ്ങൾ കൊണ്ട് 1,02,532 സംരംഭങ്ങളാണ് തുടങ്ങിയിരിക്കുന്നത്. ഇതിലൂടെ 6,337 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം മാര്‍ച്ച് 30നാണ് സംരംഭക വര്‍ഷമെന്ന പ്രത്യേക പദ്ധതി ആരംഭിച്ചത്. എട്ടുമാസത്തിനിടെയാണ് സംരംഭകരംഗത്ത് വലിയ കുതിച്ചുചാട്ടമെന്നു വിശേഷിപ്പിക്കാവുന്ന നേട്ടം കൈവരിക്കുവാന്‍ സംസ്ഥാനത്തിനു സാധ്യമായിരിക്കുന്നത്. മലപ്പുറം, എറണാകുളം ജില്ലകളിൽ 10,000ത്തിലധികവും കൊല്ലം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 9000ത്തിലധികവും കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 8000ത്തിലധികവും കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ 7000ത്തിലധികവും സംരംഭങ്ങള്‍ ഇതിനകം ആരംഭിച്ചു. തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലെ സംരംഭങ്ങളിലൂടെ 20,000ത്തിലധികവും ആലപ്പുഴ, കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളില്‍ 15,000ത്തിലധികവും തൊഴിലവസരങ്ങളുണ്ടാക്കുവാന്‍ ഇതുവഴി സാധിച്ചു. വ്യാവസായികമായി പിന്നാക്കം നില്ക്കുന്ന വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലെ സംരംഭങ്ങള്‍വഴി 20,000ത്തോളം തൊഴില്‍ സൃഷ്ടിക്കുവാനായി. പ്രാദേശിക പ്രത്യേകതകളും വ്യാവസായിക സാഹചര്യങ്ങളും പരിശോധിച്ച് ആരംഭിക്കുവാന്‍ സാധിക്കുന്ന സംരംഭങ്ങളെ കുറിച്ച് പഠിച്ച് വ്യക്തമായ മാനദണ്ഡം തയ്യാറാക്കിയാണ് ഓരോ ജില്ലകള്‍ക്കും ലക്ഷ്യം നിര്‍ദേശിച്ചത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയാണ് ലക്ഷ്യം നിശ്ചയിച്ചിരുന്നത്. വയനാടാണ് ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍ മുന്നിലെത്തിയത്.


ഇതുകൂടി വായിക്കൂ: പ്രതിദിന വേതന നിരക്കില്‍ കേരളം മുന്നില്‍


ആസൂത്രിതവും പരമ്പരാഗത സങ്കല്പങ്ങളില്‍ നിന്ന് മാറിയുമുള്ള സമീപനങ്ങളിലൂടെയും പദ്ധതികളിലൂടെയും വ്യാവസായിക കുതിപ്പ് സാധ്യമാകുമെന്ന് നേരത്തെ കേരളം കാട്ടിത്തന്നതാണ്. വന്‍കിട സ്ഥാപനങ്ങള്‍ക്കൊപ്പം ചെറുകിട സംരംഭങ്ങള്‍ക്കും കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയില്‍ സുപ്രധാനമായ പങ്കു വഹിക്കുവാനുണ്ട് എന്ന് കണ്ടെത്തി ദീര്‍ഘദൃഷ്ടിയോടെയുള്ള പദ്ധതികള്‍ ഇവിടെ ആവിഷ്കരിക്കപ്പെട്ടു. സി അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണകാലയളവിലാണ് 1975ല്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിനും പ്രോത്സാഹനം നല്കുന്നതിനുമായി സിഡ്കോ എന്ന പൊതുമേഖലാ സ്ഥാപനം രൂപീകരിച്ചത്. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോട്ടു വരുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായിരുന്നു ഭൂമിയുടെ ലഭ്യത. ഈ പ്രശ്നം പരിഹരിക്കുന്നതിന് ചുരുങ്ങിയ നിരക്കില്‍ ഭൂമി ലഭ്യമാക്കി ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനാണ് വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിച്ചത്. ഇന്നിപ്പോള്‍ 17 വലുതും 36 ഇടത്തരവും വ്യവസായ എസ്റ്റേറ്റുകള്‍ സംസ്ഥാനത്തുണ്ട്. ഇതിലെല്ലാമായി ആയിരക്കണക്കിന് വ്യവസായ സ്ഥാപനങ്ങളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമാണുള്ളത്. ലോകം ഇലക്ട്രോണിക്സ് ഉള്‍പ്പെടെയുള്ള സങ്കേതികവിദ്യക്കൊപ്പം സഞ്ചരിക്കുമ്പോള്‍തന്നെ 1973 ല്‍ സംസ്ഥാനത്ത് കെല്‍ട്രോണ്‍ എന്ന ശൃംഖല സ്ഥാപിതമായിരുന്നു. അതിന്റെ തുടര്‍ച്ചയ്ക്കും വേഗതയ്ക്കും ഇടയ്ക്ക് ഭംഗം വന്നു എന്നത് നേരാണ്. പക്ഷേ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എല്‍ഡിഎഫ് സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ വ്യവസായ വികസനത്തിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്കരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കിവരികയാണ്.


ഇതുകൂടി വായിക്കൂ:  കേരളം ഭരണഘടനാ സാക്ഷരതയിലേക്ക്


ഇപ്പോള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സംരംഭക വര്‍ഷം പദ്ധതിയുടെ പ്രധാന പ്രത്യേകത 18,000ത്തോളം നവ സംരംഭങ്ങള്‍ കൃഷി-ഭക്ഷ്യസംസ്കരണ മേഖലയിലാണ് എന്നതാണ്. കേരളം പോലെ കൃഷിയിലും ഭക്ഷ്യസംസ്കരണത്തിലും വലിയ സാധ്യതകളുള്ള സംസ്ഥാനത്ത് ഈ മേഖലയില്‍ 1800ലധികം കോടിയുടെ നിക്ഷേപവും 60,000 ത്തോളം തൊഴിലവസരങ്ങളുമുണ്ടായി. സംസ്ഥാനത്ത് ലഭ്യമാകുന്ന കാര്‍ഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള ‑ചക്ക ഉള്‍പ്പെടെയുള്ളവയുടെ- മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് വലിയ സാധ്യതകളുള്ളതാണ്. പ്രോത്സാഹിപ്പിക്കേണ്ടവയാണ് അത്തരം സംരംഭങ്ങള്‍. ഭൂലഭ്യതക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും സൂക്ഷ്മ‑ചെറുകിട‑ഇടത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ സംരംഭകത്വ വര്‍ഷം പ്രഖ്യാപിച്ചത്. ഇത്തരം പദ്ധതികളിലൂടെ ഉണ്ടാക്കാന്‍ സാധിച്ച മുന്നേറ്റം നിലനിര്‍ത്തുകയെന്നത് പ്രധാനമാണ്. വ്യവസായ വകുപ്പ് അതിനുള്ള നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. എംഎസ്എംഇ ക്ലിനിക്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുമെന്നും സംരംഭകര്‍ക്ക് നാലു ശതമാനം പലിശ നിരക്കില്‍ വായ്പ, ഹെല്‍പ്പ് ഡെസ്ക് എന്നിവയും വ്യവസായ വകുപ്പ് ഉറപ്പു നല്കുന്നുണ്ട്. ഇതോടൊപ്പം കേരളത്തിന്റെ വ്യവസായ വളര്‍ച്ചയുടെ നാഴികക്കല്ലായി മാറുന്നവിധം ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ശക്തിപ്പെടുത്തുവാനുമുള്ള പിന്തുണ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകണം.

Exit mobile version