Site iconSite icon Janayugom Online

അഫ്ഗാന്‍ ഭൂചലനം; രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. പ്രദേശത്തെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിട്ടുണ്ട്. ദുരന്തത്തില്‍ ആയിരത്തിലധികം പേരാണ് മരണപ്പെട്ടത്. ഭൂചലനം ഏറെ നാശംവിതച്ച പക്തിക പ്രവിശ്യയിലാണ് രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലായി തുടരുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് പല മേഖലകളിലും എത്താന്‍ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യുണിസെഫ് മേധാവി സാം മോര്‍ട്ട് അഫ്ഗാനിലെ പ്രതിനിധികളെ ഉദ്ധരിച്ച് അറിയിച്ചത്.

രണ്ടായിരത്തിലധികം വീടുകള്‍ തകര്‍ന്നു. നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ള റെഡ് ക്രസന്റ് ഉള്‍പ്പെടെ സംഘടനകളും യുഎന്‍ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. അതേസമയം, അഫ്ഗാനില്‍ സര്‍വസജ്ജരായ ദുരന്ത നിവാരണ സേനയോ ആരോഗ്യ സംവിധാനമോ ഇല്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ദുരന്തത്തിന് ശേഷം വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരെയെല്ലാം കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും ആശുപത്രികളില്‍ പ്രവേേശിപ്പിച്ചു. ദുരന്തത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ദുഖം രേഖപ്പെടുത്തി. 20 വര്‍ഷത്തിനിടയിലെ ഏറ്റവും അപകടകരമായ ഭൂചലനമാണ് അഫ്ഗാനിസ്ഥാനില്‍ അനുഭവപ്പെട്ടത്. 

Eng­lish Summary:Afghan earth­quake; Res­cue work is continuing
You may also like this video

Exit mobile version