Site iconSite icon Janayugom Online

ഇന്ത്യയില്‍ അഭയം തേടിയ അഫ്ഗാന്‍ സിഖുകാര്‍ കാനഡയിലേക്ക് കുടിയേറുന്നു

താലിബാന്‍ അധിനിവേശത്തിനു പിന്നാലെ രാജ്യം വിട്ട് ഇന്ത്യയിലെത്തിയ അഫ്ഗാൻ സിഖുകാരിൽ മൂന്നിൽ രണ്ട് പേരും കാനേഡിയന്‍ പൗരത്വം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് പലായനം ചെയ്ത ഏകദേശം 350 അഫ്ഗാൻ സിഖുകാരിൽ 230 പേര്‍ കാനഡയിലെത്തിയതായാണ് കണക്കുകള്‍.
ഇന്ത്യ വഴി കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന അഫ്ഗാനികളുടെ പ്രധാന കോർഡിനേറ്ററായ ഡൽഹി ആസ്ഥാനമായുള്ള ഖൽസ ദിവാൻ വെൽഫെയർ സൊസൈറ്റിയാണ് വിസ അപേക്ഷയ്ക്കായി ഇവരെ സഹായിക്കുന്നത്. 2021ന് ശേഷം വന്നവരിൽ 230 പേർ കാനഡയിൽ സ്ഥിരതാമസമാക്കി. ഒന്നോ രണ്ടോ കുടുംബങ്ങൾ യുഎസിലാണ്. മിക്കവരും കാനഡയിലെ നിർമ്മാണ മേഖലയിലോ പെട്രോൾ പമ്പുകളിലോ ഡ്രെെവര്‍മാരായോ ജോലി ചെയ്യുന്നവരാണെന്ന് ഖൽസ ദിവാൻ വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി ഫത്തേഹ് സിങ് പറയുന്നു. ഇന്ത്യയിൽ തുടരുന്നവരില്‍ 80ഓളം പേര്‍ക്ക് വിസ ലഭിക്കാന്‍ 2025 ജനുവരി വരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാൻ നഗരമായ ജലാലാബാദിൽ ജനിച്ച ഫത്തേഹ്, 1992ലാണ് ഇന്ത്യയിലെത്തിയത്. 2019ലെ പൗരത്വ (ഭേദഗതി) നിയമത്തിന് കീഴിൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ 2021ന് ശേഷം ഇന്ത്യയിലെത്തിവര്‍ക്ക് ഈ നിയമം ബാധകമല്ല. സിഖ് സമുദായാംഗങ്ങള്‍ കൂടുതലുള്ളതിനാല്‍ കാന‍ഡയാണ് ഇവരില്‍ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത്. അഭയം തേടുന്നവര്‍ പൗരത്വത്തിന് അപേക്ഷിച്ചാല്‍ നിയമപ്രകാരം കനേഡിയന്‍ സര്‍ക്കാരിന് അത് നിരസിക്കാനാവില്ല. സാംസ്കാരിക സംഘടനകളുള്‍പ്പെടെയുള്ള സ്വകാര്യ സ്പോണ്‍സര്‍മാരാണ് അഫ്ഗാന്‍ സിഖ് അഭയാര്‍ത്ഥികളുടെ വിസ, താമസം, ജോലി തുടങ്ങിയവയ്ക്ക് പിന്തുണ നല്‍കുന്നത്. കാനേഡിയന്‍ സര്‍ക്കാരിനു കീഴില്‍ ഇത്തരത്തില്‍ നിരവധി ഫൗണ്ടേഷനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൻമീത് സിങ് ഭുള്ളർ ഫൗണ്ടേഷനാണ് മുഖ്യ പ്രായോജകർ. ഒരു വർഷത്തേക്ക് പ്രതിമാസ സ്റ്റൈപ്പൻഡും മറ്റ് സൗകര്യങ്ങളും ഫൗണ്ടേഷന്‍ സിഖ് അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്.

കനേഡിയന്‍ മന്ത്രിയായിരുന്ന മൻമീത് സിങ് ഭുള്ളരിന്റെ സ്മരണാര്‍ത്ഥമാണ് ഫൗണ്ടേഷന്‍ രൂപീകരിച്ചത്. അഫ്ഗാനിസ്ഥാനിലെ സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങളെ സഹായിക്കാൻ 2015ൽ സേവ് അ­ഫ്ഗാൻ മെെനോററ്റീസ് എന്ന പദ്ധതിയും സംഘടന ആരംഭിച്ചു. 2022 ഓഗസ്റ്റിൽ, കനേഡിയൻ സർക്കാർ അഫ്ഗാൻ സിഖുകാരുടെയും ഹിന്ദുക്കളുടെയും പുനരധിവാസം സുഗമമാക്കുന്നതിനുള്ള താൽക്കാലിക പൊതുനയം പാസാക്കി. ഈ നയത്തിന് കീഴിൽ, മൻമീത് സിങ് ഭുള്ളർ ഫൗണ്ടേഷനെ പ്രാഥമിക കോഓര്‍ഡിനേറ്ററായി തിരഞ്ഞെടുത്തിട്ടുള്ളത്. കനേഡിയൻ നഗരമായ കെലോവ്ന ആസ്ഥാനമായുള്ള ഗുരുദ്വാര ഗുരു അമർദാസ് ദർബാർ സിഖ് സൊസൈറ്റിയാണ് മറ്റൊരു പ്രമുഖ സ്വകാര്യ സ്പോൺസർ. ഒരു അഭയാർത്ഥിയെ കാനഡയിലേക്ക് വരാൻ സ്‌പോൺസർ ചെയ്യുന്ന അഞ്ചോ അതിലധികമോ കനേഡിയൻ പൗരന്മാരോ സ്ഥിര താമസക്കാരോ ചേര്‍ന്ന ഗ്രൂപ്പ് ഓഫ് ഫൈവ് പോലെയുള്ള സ്പോണ്‍സര്‍മാരുമുണ്ട്. യുഎന്നിന്റെ അഭയാർത്ഥി ഏജൻസി അല്ലെങ്കിൽ സര്‍ക്കാര്‍ അഭയാർത്ഥികളായി അംഗീകരിച്ച അപേക്ഷകരെ മാത്രമേ ജി5ന് സ്പോൺസർ ചെയ്യാൻ കഴിയൂ. 

Exit mobile version