32 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നതായി പ്രഖ്യാപിച്ചു.പദയാത്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുക്കുന്ന ചിത്രം ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.
അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ — മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
