സ്വാതന്ത്ര്യത്തിനു ശേഷം സാമ്പത്തികമുൾപ്പെടെയുള്ള രംഗങ്ങളിൽ പുരോഗതി കെെവരിച്ചെങ്കിലും ഒരു വികസിത സമൂഹമായി മാറാൻ ഒരുപാട് കടമ്പകൾ ബാക്കി. 75 വർഷം മുമ്പ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയോടൊപ്പമുണ്ടായിരുന്ന പലരാജ്യങ്ങളും ഇന്ന് വികസിതമാണ്. ഭരണകൂട നയങ്ങൾ മൂലമാണ് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വികസിത രാജ്യപദവിയിലെത്താത്തതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
1947 ൽ ഇന്ത്യയുടെ സാമൂഹിക‑സാമ്പത്തികാവസ്ഥ തെക്ക് കിഴക്കൻ ഏഷ്യയിലെയും ചൈനയിലെയും രാജ്യങ്ങൾക്ക് സമാനമായിരുന്നു. ദാരിദ്ര്യം, നിരക്ഷരത, ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയെല്ലാം സമാനമായിരുന്നു. എന്നാൽ മറ്റ് രാജ്യങ്ങൾ അതിവേഗം പുരോഗമിച്ചു. എല്ലാ ഘടകങ്ങളിലും ഇന്ത്യ ഇപ്പോൾ അവർക്ക് പിന്നിലാണ്. 1950 ൽ ജിഡിപിയുടെ 55 വിഹിതം കാർഷിക മേഖലയിൽ നിന്നായിരുന്നു. ഇപ്പോൾ അത് 14 ശതമാനമായി കുറഞ്ഞു. സേവന മേഖലയുടെ പങ്ക് അതിവേഗം വളരുകയും 1980 ആയപ്പോഴേക്കും അത് കാർഷിക മേഖലയുടെ വിഹിതത്തെ മറികടക്കുകയും ചെയ്തു. ഇപ്പോൾ അത് ജിഡിപിയുടെ 55 ശതമാനമാണ്.
1950 നും 1970 നും ഇടയിൽ സമ്പദ്‌വ്യവസ്ഥയുടെ ശരാശരി വളർച്ചാ നിരക്ക് ഏകദേശം 3.5 ശതമാനമായിരുന്നു. 1980–90 കളിൽ ഇത് 5.4 ആയി വർധിച്ചു. 1990 കൾക്ക് ശേഷം സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ കാര്യമായ മാറ്റമുണ്ടായില്ല. 1991 ൽ ആഗോളവല്ക്കരണം എന്ന ദുരന്തത്തിലേക്ക് ഒപ്പു വച്ചതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1990 ന് മുമ്പുള്ള നയങ്ങൾ മിക്കവാറും സോഷ്യലിസ്റ്റ് ആശയങ്ങളുമായി ബന്ധപ്പെട്ടതും മിശ്ര മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതുമായിരുന്നു. എന്നാൽ 2003 ന് ശേഷം വളർച്ചാ നിരക്ക് വീണ്ടും വർധിച്ചെങ്കിലും 2008–09ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ കുറഞ്ഞു.
ഇന്ത്യയിലെ ഭരണകൂടങ്ങളുടെ നയപരമായ വെെകല്യം മൂലം 2012–13 ൽ സാമ്പത്തികനില പരുങ്ങലിലായി. പിന്നീട് 2016 നവംബറിലെ നോട്ട് നിരോധനം കൂടുതൽ പ്രതികൂലമായി ബാധിച്ചു. അതിന് പിന്നാലെയാണ് പിഴവുകളോടെയുള്ള ജിഎസ്‍ടി സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചത്. 2020ലെ കോവിഡ് പ്രതിസന്ധിയാണ് മറ്റാെരു തടസം. കോവിഡ് കാലം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ദുരിതജീവിതം തുറന്നുകാട്ടിയിരുന്നു. ലോക്ഡൗൺ കാലത്ത് 90 ശതമാനം തൊഴിലാളികളും ഒരാഴ്ചത്തെ അവശ്യവസ്തുക്കൾ വാങ്ങാൻ പോലും ആവശ്യമായ പണം കെെവശമില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് അസിം പ്രേംജി സർവകലാശാലയിൽ നിന്നുള്ള പഠനം വെളിപ്പെടുത്തിയിരുന്നു. ഭക്ഷണത്തിനും അതിജീവനത്തിനുമായി ദശലക്ഷക്കണക്കിന് ആളുകളുടെ കൂട്ടപലായനത്തിലേക്ക് ഇത് നയിച്ചു.
ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചില സംഘടിത മേഖലകളിൽ പകർച്ചവ്യാധികൾക്കിടയിലും സാമ്പത്തിക മുന്നേറ്റമുണ്ടായി. എന്നാൽ കുറഞ്ഞവേതനമുള്ള 60 ശതമാനം ആളുകളുടെയും വരുമാനം കുറഞ്ഞു. ലാഭം വർധിപ്പിക്കാൻ സ്ഥിരം ജീവനക്കാരെ ഒഴിവാക്കി പകരം കരാർ നിയമനം സംഘടിത മേഖലയില്‍ പോലും വർധിച്ചുവരികയാണ്. സംഘടിതതൊഴിലാളികൾക്ക് പോലും ജീവിക്കാനുള്ള കൂലി ലഭിക്കാതാകുന്നു. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നല്കാനും ശരിയായ ആരോഗ്യ പരിപാലനം നല്കാനും തൊഴിലാളികൾക്ക് കഴിയുന്നില്ല.
English Summary: After 75 year India’s economy is backward
You may like this video also