സംസ്ഥാനത്തെ പ്രതിപക്ഷ മുന്നണിയായ യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ ആരാണ് ക്യാപ്റ്റന്‍, ആരാണ് മേജര്‍, ആരാണ് ബ്രിഗേഡിര്‍ എന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയങ്ങള്‍ക്കും, അവര്‍ കേരളത്തോട് സര്‍വമേഖലയിലും കാണിക്കുന്ന അവഗണനക്കെതിരെ കമാ എന്നൊരക്ഷരം ഉരിയാടാതെ മുന്നോട്ട് പോകുന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ സേനയിലെ വിവിധ ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് തമ്മില്‍ തല്ലുകയാണ്. പ്രതിപക്ഷ നേതാവ് വായ് തുറക്കുന്നത് സംസ്ഥാനത്തെ എല്‍ഡിഎഫിനെ കരിവാരിതേക്കാന്‍ മാത്രമാണ്. പക്ഷെ അതെല്ലാം ഉണ്ടയില്ലാ വെടികളായി അന്തരീക്ഷത്തില്‍ ചീറ്റി പോവുകയാണ്.
ഭൂരപിക്ഷ- ന്യൂനപക്ഷ വര്‍ഗ്ഗീയതെ താലോലിച്ച് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാവുകയാണ്. ഇവിടുത്തെ വിജയ ശില്പിയെ ചൊല്ലിയാണ് തര്‍ക്കങ്ങള്‍ നടക്കുന്നത്, അവിടെയാണ് ക്യാപ്റ്റനും, മേജറുമായി കൊമ്പുകോര്‍ക്കല്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതില്‍ പരിഭവവുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ടതോടെയാണ് പാര്‍ട്ടിയില്‍ ക്യാപ്റ്റന്‍,മേജര്‍ വിവാദമായത്. താനും ഉമ്മന്‍ചാണ്ടിയും മുന്നണിയെ നയിച്ചിരുന്നപ്പോള്‍ വിവിധ ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം ഉണ്ടാക്കിയിരുന്നു, അന്നൊന്നും തങ്ങളെ ആരും ക്യാപറ്റനെന്നൊന്നും വിശേഷിപ്പിച്ചിരുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. താനും ഉമ്മന്‍ചാണ്ടും ഒരുമിച്ച് 18 തിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം കൊടുത്തവരാണ്. തിരഞ്ഞെടുപ്പുകള്‍ എല്ലാംതന്നെ പൂര്‍ണമായ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തായിരുന്നു പ്രവര്‍ത്തിച്ചത്. പക്ഷേ, ഞങ്ങളാരും അങ്ങനെ പറഞ്ഞിരുന്നില്ല. അതിന്റെ ആവശ്യവുമില്ല. തിരഞ്ഞെടുപ്പ് വിജയം എന്നത് മുഴുവന്‍ പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണ് അതുകൊണ്ട് വിജയത്തിന് എല്ലാവരും അവകാശികളാണ് ചെന്നിത്തല പറയുന്നു.
ക്യാപ്റ്റന്‍, മേജര്‍ വിവാദം കത്തി നില്‍ക്കുമ്പോഴാണ് ഖദറും, കളറും കോണ്‍ഗ്രസില്‍ പരസ്പരം വിഴുപ്പലക്കലായി രംഗത്തു വരുന്നത്
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഖദര്‍ വസ്ത്രത്തിന് പകരം കളര്‍ വസ്ത്രം ധരിക്കുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന നേതാവ് അജയ് തറയില്‍ ഇട്ട സാമൂഹ്യമാധ്യമ പോസ്റ്റിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശബരിനാഥ് രംഗത്തുവന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതെല്ലാം മറന്നാണ് കോണ്‍ഗ്രസ് , യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ ഭൂരിഭാഗം യുവ നേതാക്കളും ഖദറിനോട് ആഭിമുഖ്യം കാണിക്കുന്നില്ലെന്നും, ഇത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള വ്യതി ചലനമാണെന്നായിരുന്നു അജയ് തറയലിന്റെ ആരോപണം. 1920 ലാണ് ഗാന്ധിജി വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായി ഖദര്‍ ശീലമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ഒരു നൂറ്റാണ്ടിനിപ്പുറവും ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും ഖദര്‍ വസ്ത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കാലം മാറിയതോടെ യുവ നേതാക്കള്‍ ആധുനിക വേഷത്തിലേക്ക് മാറി. ഇതിനെതിരെയാണ് അജയ് തറയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. തൂ വെള്ള ഖാദിയുമായി ഇറങ്ങുന്നതിന് പകരം ജീന്‍സും ടീ ഷര്‍ട്ടും കോണ്‍ഗ്രസ് പാരമ്പര്യമല്ലെന്നാണ് തറയില്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ വസ്ത്ര സ്വാതന്ത്ര്യം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഉണ്ടെന്നും, ഖദര്‍ ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്നുമാണ് കെ പി സി സി അധ്യക്ഷന്റേയും മറ്റും പ്രതികരണം. ആജ്ഞാശക്തിയില്ലാത്ത ഒരു നേതാവിന്റെ ദീന രോദനം എന്നാല്ലാതെ എന്തു പറയാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു ജനങ്ങള്‍ പൊതുവായി ധരിക്കുന്ന വേഷം ധരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് യുവനേതാക്കള്‍ക്ക്. ജനങ്ങളില്‍ ഒരാളായി പ്രവര്‍ത്തിക്കുന്നതാണ് സ്വീകര്യതയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.എന്നാല്‍ വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് വീടുകള്‍ വച്ചുകൊടുക്കുന്ന കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ ജനങ്ങളുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്
രാഹുല്‍ഗാന്ധി ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നില്ലേ എന്ന മറുചോദ്യം യുവ നേതാക്കള്‍ ഉയര്‍ത്തിയതോടെ ഖദര്‍ വിവാദത്തിന് വലിയ പിന്തുണ ലഭിക്കില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഖാദി വിവാദം ഉയര്‍ത്തുന്നതിന് പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്നാണ് ചില നേതാക്കളുടെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 ശതമാനം സ്ഥാനാർഥികളും യുവാക്കളായിരിക്കുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് വിവാദം ശക്തിപ്പെടുന്നത്. പലമുതിര്‍ന്ന നേതാക്കളും സീറ്റ് മോഹികളാണ്. യുവനേതാക്കളെ പരിഗണിച്ചാല്‍ പലര്‍ക്കും അവസരം നഷ്ടമാവും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കോണ്‍ഗ്രസിന്റെ ഒരുവിഭാഗം നേതാക്കള്‍ ഭയക്കുന്നുണ്ടെന്നാണ് ചില നേതാക്കളുടെ ഈയടുത്തകാലങ്ങളിലെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസില്‍ യുവനേതാക്കള്‍ പിടിമുറുക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഇത് പല മുതിര്‍ന്ന നേതാക്കള്‍ക്കും ഭീഷണിയാകുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം റീല്‍സ് ചിത്രീകരിച്ച് സ്വന്തം വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു കഴിഞ്ഞദിവസം രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ആരോപണം.ഇടതുപക്ഷ യുവജനസംഘടനകള്‍ നടത്തുന്ന ഇടപെടലുകളൊന്നും യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് പഴയകാല നേതാക്കള്‍ പറയുന്നു. സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തി കൊണ്ടിരിക്കുന്നത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചവേളയിലും വിജയശില്‍പിയെ കുറിച്ചുളള തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന് ശേഷം നടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിലും സമാനമായ സംഭവങ്ങളും നടന്നു പാര്‍ട്ടിയിലെ ഏറ്റവും സ്വീകാര്യനായ നേതാവ് താന്‍ തന്നെയാണെന്ന് സ്ഥാപിക്കുന്നതിനുള്ള നീക്കം രമേശ് ചെന്നിത്തല നടത്തിയെന്നും, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തുന്നതെന്നും കോണ്‍ഗ്രസിനകത്തു തന്നെ ആരോപണം ഉയര്‍ന്നു. പാലക്കാട് തിരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തലയെ വിവിധ സംഘടനകള്‍ മുഖ്യാതിഥിയായി ക്ഷണിച്ചതോടെ കോണ്‍ഗ്രസില്‍ പോര് രൂക്ഷമായി .
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടുള്ള ചെന്നിത്തലയുടെ പരിഭവത്തിന് മറുപടി പ്രതിപക്ഷനേതാവ് തന്നെ നല്‍കിക്കഴിഞ്ഞു. താന്‍ ക്യാപ്റ്റനാണെങ്കില്‍ രമേഷ് ചെന്നിത്തല കേണലാണെന്നും, ക്യാപ്റ്റനേക്കാള്‍ വലുത് കേണലല്ലേയെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
നിലമ്പൂരിലെ വിജയ ശില്‍പിയായിഎഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലിനെയും ഒരു വിഭാഗം നേതാക്കള്‍ പ്രഖ്യപിച്ചിരുന്നു.സതീശനിസം എന്നൊന്നില്ലെന്നും നിലമ്പൂരിലെ വിജയം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും വിജയമാണെന്നും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് വിജയദിനം തന്നെ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പരസ്പരം വിഴുപ്പലക്കുന്നതിന്റെ ഭാഗമായും ആശയ ദാരിദ്രത്താലുമാണ് സംസ്ഥാന കോണ്‍ഗ്രസ് ക്യാപ്റ്റന്‍, മേജര്‍, ഖദര്‍, കളറിന്റെ പിന്നാലെ പോകുന്നതെന്ന വിലയിരുത്തല്‍ ശക്തമാണ്

