Site iconSite icon Janayugom Online

കോഴിയിറച്ചിക്ക് പിന്നാലെ കോഴിമുട്ടയ്ക്കും വില വർധിക്കുന്നു

eggegg

കോഴിയിറച്ചിക്ക് പിന്നാലെ, കോഴിമുട്ടയ്ക്കും വില വർധിക്കുന്നു. പ്രതീക്ഷയോടെ കോഴിക്കർഷകർ. തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന കോഴി മുട്ടയുടെ വില ആറുരൂപയിൽ നിന്ന് ഏഴു രൂപയിലേക്ക് ഉയർന്നിരിക്കുകയാണ്. നാടൻ കോഴിമുട്ടയുടെ വില ഏഴു രൂപയിൽ ഒമ്പതു രൂപ വരെയായി. വില വർധിച്ചതോടെ, മികച്ച നേട്ടം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോഴിക്കർഷകർ. തമിഴ്‌നാട്ടിലെ നാമക്കല്ലിൽ നിന്നുമാണ് ജില്ലയിൽ കോഴിമുട്ട കൂടുതലായി എത്തുന്നത്. കഴിഞ്ഞയാഴ്ച വരെ ആറു രൂപയ്ക്കു വിറ്റിരുന്ന മുട്ടയ്ക്കാണ് ഇപ്പോൾ വില ഉയർന്നിരിക്കുന്നത്. വരവു കുറഞ്ഞും ഡിമാന്റ് കൂടിയതും നാടൻ മുട്ടയുടെ കുറവും വില വർധനവിന് കാരണമാകുന്നതായി വ്യാപാരികൾ പറയുന്നു. ഹോട്ടലുകൾ, തട്ടുകടക്കാർ എന്നിവർക്കു പുറമേ ബേക്കറികളിലേക്കും വൻ തോതിൽ മുട്ട വാങ്ങാറുണ്ട്. ഇവർക്കെല്ലാം വില വർധന തിരിച്ചടിയാകും.

കോഴിവളർത്തൽ പ്രോത്സാഹന പദ്ധതികൾ പലതും മരവിച്ചു കിടക്കുന്നതിനാൽ നാടൻ കോഴിമുട്ടയ്ക്കു വിപണിയിൽ ദൗർലഭ്യമുണ്ട്. ചുരുക്കം കർഷകർ മാത്രമാണ് ജില്ലയിൽ വലിയ തോതിൽ മുട്ടക്കോഴികളെ വളർത്തുന്നത്. വീടുകളിൽ ചെറു കൂടുകളിൽ വളർത്തുന്നവരാണ് ഏറെയും. തീറ്റ വിലയിലെ വർധനയാണ് ഇവർക്കു തിരിച്ചടി. ഒരു കിലോ തീറ്റയുടെ വില 30 കടന്നതു മുതൽ നഷ്ടമാണെന്നു കർഷകർ പറയുന്നു. ഓരോ മാസവും തീറ്റ വില വർധിക്കുകയാണ്. 

അടയിരിക്കുന്ന കോഴികളുടെ അഭാവവും പ്രതികൂലമായി ബാധിക്കുന്നത്. നാടൻ കോഴി മുട്ടയെന്ന പേരിൽ തോടിനു നിറവ്യത്യാസമുള്ള മുട്ടകൾ വ്യാപകമായി വില കൂട്ടി വിൽക്കുന്നതും സാധാരണ കർഷകർക്കു തിരിച്ചടിയാണ്. സ്കൂളുകളിലും അങ്കണവാടികളിലും മുട്ട വിതരണമുള്ളത് ഡിമാന്റ് വർധിക്കാൻ കാരണമായി. അതേസമയം, ഇറച്ചിക്കോഴി വിലയും കുതിക്കുകയാണ്. ഒരു കിലോ ഇറച്ചിക്കോഴിയുടെ വില 150 രൂപ വരെയായി. രണ്ടു മാസം മുമ്പ് 160 രൂപ വരെയെത്തിയെങ്കിലും പിന്നീട് 120 രൂപയിലേക്ക് താഴ്ന്നിരുന്നു. വരവു കുറഞ്ഞതാണ് വില വർധനവിനു കാരണമായി വ്യാപാരികൾ പറയുന്നത്. ഇറച്ചിക്കോഴി വിലയിലെ വർധന ഹോട്ടലുകളെയും തട്ടുകടകളെയുമാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്. 

Eng­lish Sum­ma­ry: After chick­en meat, the price of chick­en eggs also increases
You may also like this video

Exit mobile version