Site icon Janayugom Online

ഗുലാംനബിക്ക് പിന്നാലെ ആനന്ദ്ശര്‍മ്മയും കോണ്‍ഗ്രസ് വിടുമെന്നു വാര്‍ത്തകള്‍

Congress

പ്രമുഖ കോണ്ഡഗ്രസ് നേതാവായിരുന്ന ഗുലാംനബി ആസാദിന് പിന്നാലെ മറ്റൊരു പ്രമുഖ നേതാവ് ആനന്ദ്ശര്‍മ്മയും കോണ്‍ഗ്രസ് വിടുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു.പാർട്ടിയുടെ പുനഃരുജ്ജീവനം ആവശ്യപ്പെട്ട് ശബ്ദം ഉയർത്തിയ ജി-23 നേതാക്കളിലെ പ്രമുഖനായ ആനന്ദ് ശർമ്മ നേതൃത്വവുമായി കടുത്ത അതൃപ്തിയിലാണ്.

കഴിഞ്ഞ ദിവസം ആനന്ദ ശർമ്മ ഹിമാചൽ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി സ്ഥാനം രാജിവെച്ചിരുന്നു. കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗവും മുതിർന്ന നേതാവുമാണ് ആനന്ദ് ശർമ്മ. ഹിമാചൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ആനന്ദ് ശർമ്മയെ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് നിയമിച്ചത്. എന്നാൽ നിയമം ലഭിച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു രാജി. പ്രധാന തെരഞ്ഞെടുപ്പ് യോഗങ്ങളിലേക്കൊന്നും തന്നെ ക്ഷണിക്കുന്നില്ലെന്നും അഭിമാനം പണയപ്പെടുത്തി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലെന്നുമായിരുന്നു സോണിയ ഗാന്ധിയ്ക്ക് കൈമാറിയ രാജിക്കത്തിൽ ആനന്ദ് ശർമ്മ വ്യക്തമാക്കിയത്.

ജമ്മുകാശ്മീരിൽ പാർട്ടി പുനഃസംഘടയുമായി ബന്ധപ്പെട്ട അതൃപ്തിയിൽ ഗുലാം നബി ആസാദ് രാജിവെച്ച പിന്നാലെയായിരുന്നു ആനന്ദ് ശർമ്മയും പാർട്ടി സ്ഥാനം രാജിവെച്ചത്. ഇപ്പോൾ ഗുലാം നബി പാർട്ടി വിട്ട പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പാത സ്വീകരിച്ച് ആനന്ദ് ശർമ്മയും പാർട്ടി വിടുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.ആസാദിന്റെ രാജിക്ക് പിന്നാലെ നേതൃത്വത്തിനെ പരോക്ഷ വിമർശനം ആനന്ദ് ശർമ്മ ഉന്നയിച്ചിരുന്നു. ആസാദിന്റെ രാജി ഞെട്ടിക്കുന്നതാണെന്നും ഇത് ഒഴിവാക്കാമായിരുന്ന സാഹചര്യം ആയിരുന്നുവെന്നുമായിരുന്നു ആനന്ദ് ശർമ്മ പറഞ്ഞത്.

പ്രശ്നങ്ങൾഉന്നയിക്കുമ്പോൾ അതിൽ ചർച്ചകളും നടപടികളും ഉണ്ടാകുന്നില്ല. നേതൃത്വം കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ഈ രാജി ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാർട്ടിക്കുള്ളിൽ പുനഃരുജ്ജീവനും ആവശ്യമാണെന്നും ചില മാറ്റങ്ങൾ നടപ്പാക്കിയാൽ കോൺഗ്രസിന് ഉയണർന്ന് പ്രവർത്തിക്കാനാകുമെന്നും ശർമ്മ പറഞ്ഞു. അതേസമയം വിമർശനം കടുപ്പിക്കുമ്പോഴും കോൺഗ്രസ് വിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് തന്നെയായിരുന്നു ശർമ്മ ആവർത്തിച്ചത്. 51 വർഷമായി താൻ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു.

ഇനിയും പാർട്ടി അംഗമായി തന്നെ തുടരുമെന്നും ശർമ്മ പ്രതികരിച്ചു.അതിനിടെ കൂടുതൽ നേതാക്കൾ ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നുണ്ട്. പാർട്ടി നേതൃത്വം ആത്മപരിശോധന നടത്താൻ തയ്യാറകണമെന്നാണ് മറ്റൊരു നേതാവായ മനീഷ് തിവാരി പ്രതികരിച്ചത്. സമവായം നടപ്പാക്കിയിരുന്നുവെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. പാർട്ടിയുടെ ഭാവി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവും കോൺഗ്രസും രണ്ട് രീതിക്കാണ് ചിന്തിക്കുന്നതെന്നും ഒരു വാർഡ് തിരഞ്ഞെടുപ്പിനെ പോലും നേരിടാൻ ശേഷിയില്ലാത്തവരാണ് പാർട്ടിയിൽ വലിയ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചുഅതേസമയം കോൺഗ്രസിലെ രാജി ഗുലാം നബിയിൽ നിൽക്കില്ലെന്ന് തന്നെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ നൽകുന്ന സൂചന. കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പാർട്ടി വിടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതേസമയം രാജിയ്ക്ക് പിന്നാലെ ഗുലാം നബി തന്റെ പുതിയ പാർട്ടി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്.

Eng­lish Sum­ma­ry: After Ghu­lam Nabi, there are reports that Anand Shar­ma will also leave the Congress

You may also like this video:

Exit mobile version