Site icon Janayugom Online

മനസില്‍ തുളുമ്പുന്ന മൗനരാഗം നല്‍കി പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലം

gireesh puthencherry

മറന്നിട്ടും മനസിൽ തുളുമ്പുന്ന മൗനാനുരാഗം നല്‍കിയും മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുമായി ആനന്ദവും വേദനയും വിരഹവും നല്‍കി കൈക്കുടന്ന നിറയെ മധരഗാനങ്ങള്‍ സൃഷ്ടിച്ച ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് പതിമൂന്നു വര്‍ഷമാകുന്നു.

ജ്യോതിഷം,വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും കർണാടക സംഗീത വിദൂഷിയായ മീനാക്ഷിയമ്മയുടേയും മകനായി 1961 മേയ് 1 ന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം .സർക്കാർ എ.എൽ .പി.സ്കൂൾ പുത്തഞ്ചേരി, മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻ‍ഡറി സ്കൂൾ, ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം. പുത്തഞ്ചേരി ഗ്രാമത്തിലെ ബാലസംഘത്തിലെ സജീവ അംഗമായിരുന്ന ഗിരീഷ് ചെറിയ പ്രായത്തിൽ തന്നെ മലയാള സാഹിത്യത്തിലേക്ക് ആകർഷണനായിരുന്നു. പിന്നീട് സാംസ്കാരിക കൂട്ടായ്മയായ ചെന്താര പുത്തഞ്ചേരിയുടെ സജീവ അംഗമായും പ്രവർത്തിച്ചു അന്ന് ചെന്താര കൂട്ടായ്മയുടെ നാടകങ്ങൾ രചിച്ചതും സംവിധാനം ചെയ്തതും ഗിരീഷ് ആയിരുന്നു.

പതിനാലാം വയസ്സിൽ ആദ്യ കവിത ചെന്താരയുടെ ‘മോചനം’ എന്ന മാഗസീനിൽ പ്രസിദ്ധീകരിച്ചു. പഠനകാലത്ത് കോഴിക്കോട് ആകാശവാണി,എച്ച്.എംവി , തരംഗിണി എന്നീ റെക്കോഡിങ് കമ്പനികൾക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്. 1992ല്‍ ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനം ഏറെ ജനശ്രദ്ധ ഏറ്റുവാങ്ങി . പിന്നീടങ്ങോട്ട് ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിന്റെ കാലമായിരിരുന്നു അതേ വർഷം തന്നെയായിരുന്നു ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ പൂക്കാലം വന്നു കേട്ട് മലയാളക്കര ഉണർന്നതും. 344 ചിത്രങ്ങളിലായി പുത്തഞ്ചേരി 1600‑ലേറെ ഗാനങ്ങൾ രചിച്ചു.

ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ ഏറ്റവുമധികം ഗാനങ്ങള്‍ രചിച്ച റെക്കോഡ് ഗിരീഷ് പുത്തഞ്ചേരിയ്ക്ക് സ്വന്തം. ആ ചെറിയ കാലയളവില്‍ മികച്ച ഗാനരചയിതാവിനുള്ള ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടുകയും ചെയ്തു. അക്ഷരങ്ങളായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ ജീവിതം. 21 കൊല്ലമാണ് ചലച്ചിത്രശാഖയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചത്. 49-ാം വയസിൽ മരണം കവർന്നെടുത്തപ്പോഴും ഒരുപിടി നിത്യഹരിത ഗാനങ്ങൾ സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. പാട്ടെഴുത്തിന് പുറമേ കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹം എഴുതിയിരുന്നു. മേലേപ്പറമ്പിൽ ആൺവീട്, ഇക്കരെയൊണെൻ്റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ എന്നീ ചിത്രങ്ങൾക്ക് കഥയൊരുക്കിയത് പുത്തഞ്ചേരിയാണ്.

വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ,കിന്നരിപ്പുഴയോരം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. 1989ൽ ‘ചക്രവാളത്തിനപ്പുറം’ എന്ന സിനിമയിലെ ഗാനങ്ങൾ എഴുതിയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്. 1997ൽ മാത്രം 30 സിനിമകൾക്കു വേണ്ടി 190 ഓളം പാട്ടുകൾ പുത്തഞ്ചേരി രചിച്ചു. പ്രണയവും വിരഹവും ഭക്തിയും തുടങ്ങീ മനുഷ്യമനസ്സിന്റെ തീവ്രവികാരങ്ങളെ ഭാവതന്മയത്വത്തടെ ഗിരീഷ് വരികളാക്കി. 1993ല്‍ ദേവാസുരത്തില്‍ മനുഷ്യ മനസിനെ കീറി മുറിച്ച് വലിയ ആലോചനയില്‍ എത്തിക്കുന്ന വരികള്‍ എഴുതിയ പുത്തന്‍‍ഞ്ചേരിതന്നെയാണ് മായാമയൂരത്തിലൂടെ കൈക്കുടന്ന നിറയെ പ്രണയത്തിന്റെ മധുരവും വിളമ്പി തന്നത്.

വളരെ ലളിതമായ വരികളിലൂടെ ആശയപ്പൊലിമയുള്ള ഗാനങ്ങളാണ് ആ തൂലിക സമ്മാനിച്ചത്. ഒപ്പം പ്രണയാർദ്രവും. അക്ഷരനക്ഷത്രം കോർത്ത ജപമാല കൈയ്യിലേന്തി അഗ്നിദേവൻ എത്തിയപ്പോൾ പുത്തഞ്ചേരിക്ക് 1995 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനതല പുരസ്കാരം ആദ്യമായ് ലഭിച്ചു. എം.ജി രാധാകൃഷ്ണനായിരുന്നു സംഗീതം. നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞ കാമുകിയെ മലയാളക്കര സ്വപ്നം കണ്ടുതുടങ്ങി, അംഗോപാംഗമായി ചടുല നൃത്തമാടി സൂര്യകിരീടം തച്ചുടച്ച ദേവാസുരം, പോരു നീ വാരിളം ചന്ദ്രലേഖയെന്നു പാടിയ കാശ്മീരം, ഓലചങ്ങാതിയെന്നും ഓമനചങ്ങാതിയെന്നും വിളിച്ച കിന്നരിപ്പുഴയോരം, പഴനിമലമുരുകനെ വിളിച്ച് ചീറിപ്പാഞ്ഞ നരസിംഹം, ഇണക്കമാണോ പിണക്കമോണോ എന്നു ചോദിച്ച അനന്തഭദ്രം എന്നിവ പുത്തന്‍ഞ്ചേരി എം ജി കൂട്ടുകെട്ടില്‍ വിരിഞ്ഞതാണ്. പുത്തഞ്ചേരിയെ ഓർക്കുമ്പോൾ ഒട്ടേറെ ഗാനങ്ങൾ മനസ്സിലേക്കെത്തും. എസ്.പി വെങ്കിടേഷ് — പുത്തഞ്ചേരി കൂട്ടുക്കെട്ടും മലയാള സിനിമകള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചു.

1994 ലാണ് മിന്നാരത്തിലൂടെ ചിങ്കാരക്കിന്നാരം പാടി , കുസൃതിയുടെ ചക്കിപൂച്ചയെ സൃഷ്ടിച്ച് നിലാവേ മായുമോ എന്നു ചൊല്ലി കിനാവിൽ നോവുമായ് ഒരു വിരഹഗാനവും പിറന്നുവീണത്. ഒരു ചിത്രത്തിൽ തന്നെ പ്രണയം, വിരഹം, കുസൃതി തുടങ്ങി എല്ലാ ഭാവങ്ങളും ഉള്‍പ്പെടുന്ന ഒട്ടേറെ ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നുവീണു. പുത്തഞ്ചേരിയുടെ അതിമനോഹരമായ വരികൾക്ക് ബേണി ഇഗ്നേഷ്യസ് ടീമിന്റെ സംഗീതം കൂടിച്ചേർന്നപ്പോൾ തേന്മാവിൻ കൊമ്പത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായി. ഇന്നും തേന്മാവിന്‍ കൊമ്പത്തിലെ ഗാനമെങ്കിലും മലയാള ചുണ്ടിൽ തത്തിക്കളിക്കാറില്ലേ. ഈ കൂട്ടുകെട്ട് തന്നെയാണ് മാനത്തെ കൊട്ടാരത്തിൽ പൂനിലാമഴ പെയ്തിറക്കിയതും പിന്നീട് ചന്ദ്രലേഖയെ താമരപൂവിൽ വാഴുന്ന ദേവിയാക്കിയതും മാനത്തെ ചന്ദിരനൊത്ത മണിമാളിക അവൾക്കായ് തീർത്തു കൊടുത്തതും അമ്മൂമക്കിളിയെ വായാടിയാക്കിയതും. 

രഥോത്സവത്തിൽ തെച്ചി പൂവുമായെത്തി മലയാള സിനിമാഗാനശാഖയെ പുഴപോലെ ശക്തമായി ഒഴുകാൻ പുത്തഞ്ചേരി സഹായിച്ചു. രവീന്ദ്രൻ മാഷും വിദ്യാസാഗറും എം.എം. ജയചന്ദ്രനുമൊക്കെ പുത്തഞ്ചേരിയെ അനശ്വരനാക്കി നിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചവരാണ്. മലയാള ചലച്ചിത്രശാഖയെ എത്രയോ ഗാനങ്ങള്‍ കൊണ്ട് പുത്തഞ്ചേരി സമ്പുഷ്ടമാക്കി.

എഴുതിയ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായതിനാല്‍ ഗിരീഷിന്റെ ഏറ്റവും മികച്ച ഗാനങ്ങളെന്ന പട്ടിക തയ്യാറാക്കുക അസാധ്യമായ കാര്യമാണ്. പാട്ടെഴുത്തിന്റെ അസാധ്യഭംഗിയാണ് ഗിരീഷിന്റെ ഗാനങ്ങളില്‍ പ്രതിഫലിക്കുന്നത്. അമ്മ മഴക്കാറിന്റെ കണ്ണു നിറച്ചും, നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയും പുത്തഞ്ചേരി കടന്നു പോയി .ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാകുമ്പോഴും മലയാളി ഓർത്തു പാടുകയാണ് അദ്ദേഹത്തിന്റെ മധുര സംഗീതം. ഫെബ്രുവരി പത്തുകൾ ഇനിയും വരും. അതൊന്നുമോർക്കാതെ മലയാളി പുത്തഞ്ചേരിയുടെ വരികൾ പാടിക്കൊണ്ടിരിക്കും.. മറന്നിട്ടും മനസിൽ കുളിരുകോരുന്ന ഗ്രാമഫോൺ പോലെ….

Eng­lish Sum­ma­ry: After leav­ing Puthanch­ery with a heart-warm­ing silence song, it was a Thurs­day night

You may also like this video: 

Exit mobile version