കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ദൗത്യം നിറവേറ്റി ശശി തരൂര്‍ എംപി. റഷ്യ സന്ദർശനത്തിനിടെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തെക്കുറിച്ച് ശശി തരൂര്‍ വിശദീകരിച്ചു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ശശി തരൂർ ചർച്ച നടത്തി. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം വിശദീകരിച്ചു.
വിഷയത്തിൽ റഷ്യയുടെ പിന്തുണയും ശശി തരൂര്‍ തേടി. റഷ്യൻ വിദേശകാര്യ സമിതി ചെയർമാൻ കോൺസ്റ്റന്‍റിൻ കൊസ ഷേവുമായും തരൂർ ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും ചർച്ചയായി. യാത്രക്ക് മുൻപും തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന.മോഡി സ്തുതി വിവാദങ്ങള്‍ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏൽപ്പിച്ച ദൗത്യം ശശി തരൂര്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം, ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നലെ രംഗത്തെത്തിയിരുന്നു. തരൂരിന്‍റെ ഇംഗ്ലീഷ് തനിക്ക് മനസിലാകാത്തതുകൊണ്ട് മോഡി സ്തുതിയുള്ള ലേഖനം വായിച്ചില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചത്.

