Site iconSite icon Janayugom Online

വാക്സിനെടുത്തശേഷം തളർന്ന് കിടപ്പിലായിരുന്ന വയോധിക മരിച്ചു

വാക്സിനെടുത്തശേഷം തളർന്ന് കിടപ്പിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് സോമൻറെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്. മുയലിൻറെ കടിയേറ്റതിനെ തുടർന്ന് പേവിഷ ബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. ഇതിനുപിന്നാലെ കിടപ്പിലാവുകായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. വാക്സിനെടുത്ത് കിടപ്പിലായശേഷം ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. കോട്ടയം മെഡ‍ിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു. ഇവിടെ നിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് കൊണ്ടിവരുകയായിരുന്നു. ശാന്തമ്മയുടെ ചികിത്സയ്ക്കായി വീട്ടുകാർ ആശുപത്രിയിലായിരിക്കെ വീട്ടിൽ എലിയെ പിടിക്കാനായി എലിവിഷം പുരട്ടി വെച്ച തേങ്ങാ ക്ഷണം കഴിച്ച് ഇവരുടെ കൊച്ചുമകൾ മരിച്ച ദാരുണ സംഭവവും ഉണ്ടായിരുന്നു. രണ്ടു മരണത്തിൻറെയും ആഘാതത്തിലാണ് വീട്ടുകാർ. 

ഒക്ടോബർ 21ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നായിരുന്നു ഇവർ വാക്സിനെടുത്തത്. കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് ഇവരുടെ ആരോഗ്യനില ഗുരുതരമായി കിടപ്പിലാവുകയായിരുന്നു. വാക്സിൻ എടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണ്ണമായി തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടുവെന്നും ചുണ്ടികാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ടെസ്റ്റ് ഡോസിൽ തന്നെ അലർജി പ്രകടമായെങ്കിലും മൂന്നു ഡോസ് വാക്സിനുകളും എടുക്കുകയാിരുന്നു. വാക്സിനെടുത്തതിന് പിന്നാലെ ശാന്തമ്മ തളർന്നു വീണുവെന്നും അനക്കമില്ലാതായെന്നുമായിരുന്നു കുടുംബത്തിൻറെ ആരോപണം. പിന്നീട്, വെന്റിലേറ്ററിലായിരുന്ന ശാന്തമ്മയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലത്തെ തുടർന്നായിരിക്കാം ഇത്തരമൊരു അവസ്ഥയുണ്ടായതെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു. ശാന്തമ്മയുടെ മകൾ സോണിയ ആണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നത്.

Exit mobile version