Site iconSite icon Janayugom Online

കൂട്ടരാജിക്ക്‌ പിന്നാലെ താരസംഘടനയിൽ ചേരിപ്പോര്‌

താര സംഘടനയായ എഎംഎംഎയിലെ ഭരണസമിതിയുടെ കൂട്ടരാജിക്ക്‌ പിന്നാലെ നടീനടൻമാർ ചേരി തിരിഞ്ഞ്‌ പോര്‌ തുടങ്ങി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയിലെ ചില ഭാരവാഹികള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഭരണസമിതി ഒന്നാകെ രാജിവച്ചിരുന്നു. എക്സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചു വിട്ട തീരുമാനം ഒരുമിച്ചല്ലെന്നും രാജിവച്ചിട്ടില്ലെന്നും കമ്മിറ്റി അംഗമായിരുന്ന സരയു മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിടാനുള്ള അധികാരം പ്രസിഡന്റിനുണ്ടെന്നിരിക്കെ രാജിവയ്ക്കില്ലെന്ന നിലപാട് സ്വീകരിക്കാന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് അധികാരമില്ലെന്ന് ഒരുകൂട്ടര്‍ വാദിച്ചു. 

സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭാഗമായ ചില താരങ്ങള്‍ രാജിക്ക് തയാറായിരുന്നില്ലെന്നും ധാര്‍മ്മികത മുന്‍നിര്‍ത്തിയായിരുന്നു തീരുമാനവുമെന്നാണ് നടി അനന്യ വ്യക്തമാക്കിയത്. വ്യക്തിപരമായി രാജിക്ക് തയാറായിരുന്നില്ലെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംകൂടിയായ അനന്യ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് മോഹന്‍ലാലിന്റെ തീരുമാനത്തിനോട് സംഘടനയുടെ ഭാവിയെ മുന്‍നിര്‍ത്തി അനുകൂലിക്കുകയായിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. കമ്മിറ്റിയില്‍ ഇതുവരെ രാജി സമര്‍പ്പിച്ചിട്ടില്ലെന്നും യോഗത്തിലും സമാന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായ സരയു അറിയിച്ചത്. ഇത്തരം കോലാഹലങ്ങളില്‍ ഇടപെടാന്‍ താല്പര്യമില്ലാത്ത വ്യക്തിയാണ് മോഹന്‍ലാല്‍, അതായിരിക്കാം അദ്ദേഹത്തെ രാജിക്ക് പ്രേരിപ്പിച്ചത്. ഇനിയൊരിക്കലും തങ്ങളോടൊപ്പം സഹകരിക്കില്ല എന്ന രീതിയിലായിരുന്നില്ല മോഹന്‍ലാലിന്റെ പ്രതികരണമെന്നും നടി പറഞ്ഞു. 

ചൊവ്വാഴ്ചയായിരുന്ന എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവച്ചത്. അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ഭരണസമിതി പൂര്‍ണമായി പിരിച്ചുവിട്ടത്. പുതിയ ഭരണസമിതി നിലവില്‍ വരുന്നതുവരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്ഹോക് കമ്മിറ്റി നിലവില്‍ വരും. പുതിയ ഭരണസമിതിയെ ജനറല്‍ ബോഡി യോഗത്തിനുശേഷം തീരുമാനിക്കും. അടുത്ത തെരഞ്ഞെടുപ്പ് രണ്ട് മാസത്തിനകം നടത്തണമെന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. ഇത് പ്രകാരമായിരിക്കും നടപടി എന്നും ഭാരവാഹികള്‍ പറഞ്ഞു.

Exit mobile version