2018ലെ പ്രളയത്തിന് ശേഷം കേരള തീരത്തെ സമുദ്ര ജലത്തിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഗണ്യമായി വർധിച്ചതായി കണ്ടെത്തി. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) ലെയും കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടിസി)യിലെ ഗവേഷകരാണ് പഠനം നടത്തിയത്. അഞ്ചു മില്ലി മീറ്ററിൽ താഴെയുള്ള സൂക്ഷ്മ പ്ലാസ്റ്റിക് കഷ്ണങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്സ്. വലിയ പ്ലാസ്റ്റിക് കഷ്ണങ്ങൾ വിഘടിച്ചുണ്ടാകുന്ന ഇവ വലിയ രീതിയിൽ മത്സ്യങ്ങളെയും മറ്റു കടൽ ജീവികളെയും ബാധിക്കുന്നു. ചെറിയ ആൽഗകൾ മുതൽ വലിയ തിമിംഗലങ്ങൾ വരെ മൈക്രോ പ്ലാസ്റ്റിക്സ് ഭക്ഷിക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
പ്രളയത്തിന് ശേഷം കേരള തീരത്ത് മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്ദ്രത ഏഴ് മടങ്ങ് വർധിച്ചതായി പുതിയ പഠനം സൂചിപ്പിക്കുന്നു. കോഴിക്കോട്, പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ, കൊല്ലം തുടങ്ങി കേരള തീരത്തെ ആറ് സ്ഥങ്ങളിലെ ഉപരിതല സമുദ്ര ജലം പരിശോധിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, കൊല്ലം തീരങ്ങളിലെ സമുദ്ര ജലത്തിലാണ് മൈക്രോ പ്ലാസ്റ്റിക് മലിനീകരണം കൂടുതലായി കണ്ടെത്തിയത്. പോളി എത്തിലീൻ, പോളി പ്രൊപ്പിലീൻ എന്നീ പ്ലാസ്റ്റിക്കുകളാണ് കൂടുതലായി കണ്ടെത്തിയത്.
പ്ലാസ്റ്റിക് ബാഗുകൾ, കുപ്പികൾ, മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കയറുകൾ, വലകൾ തുടങ്ങിയ വസ്തുക്കളുടെ ജീർണത മൂലമാണ് ഇവ പ്രധാനമായും ഉത്ഭവിക്കുന്നത്. പ്രളയജലം പ്ലാസ്റ്റിക് വസ്തുക്കൾ ഭൂപ്രദേശത്ത് നിന്നും വഹിക്കുകയും നേരിട്ട് സമുദ്രത്തിൽ നിക്ഷേപിക്കുകയും ചെയ്യാം. കരകവിഞ്ഞൊഴുകുന്ന നദികൾ വലിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുമ്പോൾ അവ പ്ലാസ്റ്റിക്കുകളും മറ്റ് അവശിഷ്ടങ്ങളും തൂത്തുവാരുന്നു. ഒടുവിൽ കടലിൽ എത്തിച്ചേരുന്നു.
കാലവർഷത്തിന് മുമ്പും ശേഷവുമുള്ള കാലയളവിലാണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കേരള തീരത്ത് ഏറ്റവും കൂടുതലായി കണ്ടെത്തിയത്. കാലവർഷത്തിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ വെള്ളത്തിൽ മിക്സിങ് ധാരാളമായി നടക്കുകയും ഇത് ജല ഉപരിതലത്തിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ എണ്ണം കുറയാന്‍ കാരണമാകുകയും ചെയ്യുന്നു.
പഠനത്തിൽ നിരീക്ഷിച്ച മൈക്രോ പ്സാസ്റ്റിക്കുകളിൽ കൂടുതലും ഫൈബർ ആയിരുന്നു. നൂലു പോലെ നീണ്ട ആകൃതി ഉള്ള ഇവ കൂടുതലും സിന്തറ്റിക് തുണിത്തരങ്ങള്‍, മത്സ്യബന്ധന വല, കയറുകൾ എന്നിവയിൽ നിന്നും പുറംതള്ളുന്നവയാണ്. മറൈൻ പൊലൂഷൻ ബുള്ളറ്റിൻ എന്ന ശാസ്ത്ര ജേർണലിന്റെ പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ അധ്യാപകരായ ഡോ. രഞ്ജീത് കെ, നിഖിൽ വി ജി, കോഴിക്കോട് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എന്‍ജിനീയറിങ് വിഭാഗം അധ്യാപകനും പരിസ്ഥിതി എന്‍ജിനീയറിങ് വിദഗ്ധനുമായ ഡോ. ജോർജ് കെ വർഗീസ് എന്നിവരാണ് പഠന സംഘത്തിൽ ഉണ്ടായിരുന്നത്.
English Summary:After the flood, micro plastic waste has increased in the sea water of the Kerala coast
You may also like this video