Site iconSite icon Janayugom Online

യുദ്ധത്തെ തുടർന്ന് ജനസംഖ്യ കുറഞ്ഞു ; റഷ്യയിൽ ലൈംഗികബന്ധത്തെ പ്രോത്സാഹിപ്പിക്കാൻ മന്ത്രാലയം വരുന്നു

റഷ്യയിൽ യുദ്ധത്തെ തുടർന്ന് ജനസംഖ്യ കുറഞ്ഞതിനാൽ ലൈംഗികബന്ധത്തെ പ്രോത്സാഹിപ്പിക്കാൻ വ്ലാഡിമർ പുടിൻ ഭരണകൂടം. ജനന നിരക്ക് ഉയർത്തുന്നതിന് ‘മിനിസ്‌ട്രി ഓഫ് സെക്സ് ’ എന്ന പേരിൽ ഒരു മന്ത്രാലയം രൂപീകരിക്കാനും ആലോചനയുണ്ട്. 

പുടിന്റെ വിശ്വസ്തയും റഷ്യന്‍ പാര്‍ലമെന്റിലെ കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, കുട്ടിക്കാലം എന്നീ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയന്‍വുമണുമായ നിന ഒസ്ടാനിന ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന ആശയത്തെക്കുറിച്ചുള്ള ശുപാര്‍ശകള്‍ പരിഗണിച്ചു തുടങ്ങിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലിക്കിടയിലെ ഒഴിവുവേളകളിൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു. 

രാത്രിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുവാനും ആലോചനയുണ്ട്. കൂടാതെ രാത്രി പത്തുമുതല്‍ അതിരാവിലെ രണ്ടുവരെ വൈദ്യുതി നിര്‍ത്തലാക്കുന്നതും പരിഗണനയിലുണ്ട്. പങ്കാളികള്‍ കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കാനാണിങ്ങനെ ചെയ്യുന്നത്. പുതിയ അമ്മമാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുക, ആദ്യമായി ഡേറ്റ് ചെയ്യുന്ന പങ്കാളികള്‍ക്ക് ഏകദേശം 5000 റൂബിള്‍ (ഏകദേശം 4300 രൂപ) സഹായം നല്‍കുക എന്നിവയും ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നു. അതിനൊപ്പം വിവാഹദിവസം ഹോട്ടലില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്ക് 26,300 റൂബിള്‍ (ഏകദേശം 23,000 രൂപ) വരെയുള്ള ഹോട്ടല്‍വാടക സൗജന്യമാക്കാനും ഉദ്ദേശിക്കുന്നു.

മൂന്നാം വർഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ൻ യുദ്ധത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനാൽ രാജ്യത്തെ ജനനനിരക്കിൽ കാര്യമായ കുറവാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്തുവാൻ ആവശ്യമായ നടപടികൾ എടുക്കണമെന്ന് പുട്ടിൻ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക തലത്തിൽ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നൽകാനും പദ്ധതികളുണ്ട്. ഖബാറോവ്‌സ്കിൽ 18നും 23നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് കുട്ടികൾ ഉണ്ടായാൽ 900 യൂറോ (97,282 ഇന്ത്യൻ രൂപ) ലഭിക്കും. ചെല്യാബിൻസ്കിൽ ആദ്യ കുട്ടിയുണ്ടാകുമ്പോൾ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യൻ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളിൽ പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്തോപാലോവ് പറഞ്ഞു. 

Exit mobile version