Site icon Janayugom Online

മൂന്ന് പതിറ്റാണ്ടിനുശേഷം കടമ്പൊഴി പാടശേഖരം 
കതിരണിയാൻ ഒരുങ്ങുന്നു

കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ 30 കൊല്ലത്തിലധികമായി തരിശുകിടന്ന 20 ഏക്കർ വരുന്ന കടമ്പൊഴി പാടശേഖരം കതിരണിയാൻ ഒരുങ്ങുന്നു. ഇതിന്റെ ആദ്യഘട്ട നിലമൊരുക്കലിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഗീതാ കാർത്തികേയൻ തുടക്കം കുറിച്ചു. കരപ്പുറത്തെ ചൊരിമണലിൽ നിന്ന് വ്യത്യസ്തമായി കുട്ടനാടൻ പാഠങ്ങൾക്ക് സമാനമായി വലിയ അളവിൽ ചെളി നിറഞ്ഞതും സമീപത്തുള്ള ‘ദേശത്തോട്’ എന്നറിയപ്പെടുന്ന വലിയ തോട്ടിലൂടെ ഉപ്പും ഓരും കയറുന്നതുമായ പാടത്ത് നെൽകൃഷി വലിയ പ്രതിസന്ധി നിറഞ്ഞതായിരുന്നു.

എന്നാൽ ഇപ്പോൾ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളം കയറ്റി ഇറക്കുവാൻ പെട്ടിയും പറയും സ്ഥാപിക്കുവാനും ഇറിഗേഷൻ വകുപ്പ് നിലമൊരുക്കൽ പ്രവർത്തനങ്ങൾക്ക് സന്നദ്ധത അറിയിക്കുകയും ചെയ്തതോടെ പ്രതിസന്ധികൾക്ക് അറുതിയായി. കൃഷി മന്ത്രി പ്രസാദിന്റെ നിർദ്ദേശത്തെത്തുടർന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇറിഗേഷൻ ഉദ്യോഗസ്ഥരും പാടശേഖരം സന്ദർശിച്ച് സംയുക്തമായി നടത്തിയ ചർച്ചയിൽ “ഞങ്ങളും കൃഷിയിലേക്ക് “എന്ന കൃഷി വകുപ്പ് പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കാൻ തീരുമാനിച്ചു.

പിന്നീട് കൃഷി ഏറ്റെടുത്തു ചെയ്യുമ്പോഴുള്ള അധിക സാമ്പത്തിക ബാധ്യത വെല്ലുവിളി ആയപ്പോൾ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്തിന്റെ നേതൃത്വത്തിൽ യുവകർഷകൻ സുജിത്തും, ഡോക്ടർ അനീഷും, സിവിൽ പോലീസ് ഓഫീസറായ സബിനേഷും വികസനസമിതി കൺവീനർ ധനുഷും അടങ്ങുന്ന യുവാക്കളുടെ കർഷക കൂട്ടായ്മയ്ക്ക് രൂപം നൽകുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ബൈരഞ്ജിത് സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് അനില, ധനുഷ്, ഡോക്ടർ അനീഷ്, വി സി പണിക്കർ, ശ്രീജ, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version