ബോളിവുഡ് യുവതാരത്തെ സുഹൃത്ത് കൊലപ്പെടുത്തി. രവി സിങ് ഛേത്രി (21) ആണ് മരിച്ചത്. നാഗ്പൂരിൽ വെച്ച് ബുധനാഴ്ച പുലർച്ചെ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് പ്രിയാൻഷുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ധ്രുവ് ലാൽ ബഹാദൂർ സാഹുവിനെ (20) അറസ്റ്റ് ചെയ്തു. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച യുവനടനാണ് കൊല്ലപ്പെട്ടത്. 2022‑ൽ പുറത്തിറങ്ങിയ ‘ഝുണ്ട്’ എന്ന സിനിമയിലാണ് അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചത്.
പ്രിയാൻഷുവും ധ്രുവും സുഹൃത്തുക്കളായിരുന്നു, ഒരുമിച്ച് അവര്‍ മദ്യപിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ മദ്യപിക്കാനായി ഇരുവരും നാരി പ്രദേശത്തെ ഒരു ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് പോയത്. അവിടെ വച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും തര്‍ക്കവുമുണ്ടാവുകയും ചെയ്തു. ഇതിനിടെ പ്രിയാൻഷു ധ്രുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ പ്രിയാൻഷു ഉറങ്ങുകയും ചെയ്തു. പ്രിയാൻഷു തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നാണ് ധ്രുവ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ആക്രമിക്കപ്പെടുമെന്ന് ഭയന്ന് സാഹു, ഛേത്രിയെ വയറുകൾ ഉപയോഗിച്ച് കെട്ടിയിടുകയും മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക് വയറുകൾ കൊണ്ട് ബന്ധിച്ച് അർദ്ധനഗ്നനാക്കിയ നിലയിലാണ് നാട്ടുകാർ പ്രിയാൻഷുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ മെയോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അമിതാഭ് ബച്ചനെ നായകനാക്കി നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്ത ജീവചരിത്ര സ്‌പോർട്‌സ് ഡ്രാമയായ ഝുണ്ടിലെ അഭിനയത്തിലൂടെയാണ് പ്രിയാൻഷുവിന് അംഗീകാരം ലഭിച്ചത്. സ്ലം സോക്കറിന്റെ സ്ഥാപകനായ വിജയ് ബാർസെയുടെ ജീവിതത്തെ വിവരിക്കുന്ന ഈ ചിത്രത്തിൽ പ്രിയാൻഷു ഒരു സഹകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

