Site iconSite icon Janayugom Online

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

amoebicamoebic

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ ഒരു പെൺകുട്ടിക്കാണ് രോഗബാധ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്.

നിലവിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാൾ നിലവിൽ വെൻ്റിലേറ്റർ സഹായത്തിലാണ്. ചികിത്സയിൽ കഴിയുന്നവരിൽ മലപ്പുറം സ്വദേശികളായ 11 വയസ്സുള്ള പെൺകുട്ടിയും 10 വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. ഒരാൾ ഒഴികെ ബാക്കിയുള്ളവരുടെയെല്ലാം ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷം ഇതുവരെ ഏഴ് കുട്ടികളെയാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതിൽ താമരശ്ശേരിയിൽ നിന്നുള്ള 9 വയസ്സുകാരിയും ഓമശ്ശേരിയിൽ നിന്നുള്ള മൂന്നുമാസം പ്രായമായ കുഞ്ഞും നേരത്തെ മരിച്ചിരുന്നു. അതേസമയം, മൂന്ന് കുട്ടികൾ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

Exit mobile version