തമിഴ്‌നാട്ടിൽ വീണ്ടും കസ്റ്റഡി മരണം. ശിവഗംഗയില്‍ ആണ് സംഭവം. മോഷണ കേസിൽ കസ്റ്റഡിയിലെടുത്ത ബി അജിത് കുമാര്‍ (27) തിരുപ്പുവനം പൊലീസ് സ്റ്റേഷനില്‍ മരിച്ചത്. തുടർന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
ശിവഗംഗ മടപ്പുറം കാളിയമ്മന്‍ ക്ഷേത്രത്തിലെ കരാര്‍ ജീവനക്കാരനായിരുന്നു അജിത് കുമാര്‍. ഇയാൾക്കെതിരെ മധുര സ്വദേശിയായ നികിത എന്ന സ്ത്രീ പരാതി നില്കിയതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്ര ദർശനത്തിന് അമ്മയ്ക്കൊപ്പം എത്തിയ നികിത കാറിന്റെ താക്കോല്‍ അജിത്തിനെ ഏല്‍പ്പിച്ചെന്നും, മടങ്ങിയെത്തിയപ്പോള്‍ ബാഗിലുണ്ടായിരുന്ന ഒന്‍പതര പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായെന്നുമാണ് പൊലീസിൽ പരാതിപ്പെട്ടത്.
ഇന്നലെ ഉച്ചയോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനില്‍ വെച്ച് അജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുന്‍പ് മരണം സംഭവിച്ചെന്നും ഇയാളുടെ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് മൃതദേഹം രാജാജി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

