അഡാനി ഗ്രൂപ്പിനും സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനുമെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. മാധബി ബുച്ചിനും ഭർത്താവ് ധവാല്‍ ബുച്ചിനും അഡാനി കള്ളപ്പണം ഒഴുക്കുന്നതിന് ഉപയോഗിച്ച രണ്ട് വിദേശ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്ന് രേഖകള്‍ പുറത്തുവിട്ടു. മൗറീഷ്യസ്, ബെര്‍മുഡ കേന്ദ്രമായി വിനോദ് അഡാനിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ കമ്പനികളിലാണ് ഇവര്‍ക്ക് ഓഹരി പങ്കാളിത്തമുള്ളത്.
നേരത്തെ ഇന്ത്യയുമായി ബന്ധപ്പെട്ടുള്ള വലിയ വിവരം ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർഗ് റിസർച്ച് എക്സിൽ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചിരുന്നു. ‘വലിയ വിവരം ഉടൻ വരുന്നുണ്ട് ഇന്ത്യ’ എന്നായിരുന്നു കുറിപ്പ്. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നേരത്തെ ഹിൻഡൻബർഗ് അഡാനിയെക്കുറിച്ച് പുറത്തുവിട്ട റിപ്പോർട്ട് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2023 ജനുവരി 24നാണ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അഡാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഓഹരി മൂല്യം കൂപ്പുകുത്തിയിരുന്നു. വന്‍ വിവാദമുണ്ടാക്കിയ റിപ്പോര്‍ട്ടില്‍ അന്വേഷണം നടന്നെങ്കിലും അഡാനി ഗ്രൂപ്പിനെതിരെ ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു സെബി അറിയിച്ചത്. ഇതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗിന് സെബി കാരണംകാണിക്കല്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സെബി ചെയര്‍പേഴ്സണെതിരെ ഗുരുതര ആരോപണവുമായി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
English Summary: Again Hindenburg Report: Serious revelation against SEBI Chairperson
You may also like this video