ഒരു സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പണ്ട് പഠിച്ചു മറന്ന ഒരു ക്ലാസിക്കൽ കലാരൂപത്തിന്റെ ചുവടുകൾ വീണ്ടും ഓർത്തെടുക്കുന്നു എന്നതിലുപരിയായിരുന്നു വ്യക്തിപരമായി എനിക്കിന്നലത്തെ സായാഹ്നം. മദ്ധ്യവയസിലെത്തിയ കുറച്ചു സ്ത്രീകൾ, കലയിൽ അത്യന്തം മികവുറ്റവരെന്ന് ആസ്വാദകരെക്കൊണ്ട് അന്നേ പറയിച്ചിട്ടും പലപല കാരണങ്ങളാൽ കലയുടെ മാർഗ്ഗത്തിൽ നിന്ന് വഴി മാറിപ്പോയി ജീവിതത്തിന്റെ കലങ്ങിമറിച്ചിലുകളിലൂടെയും കുത്തൊഴുക്കുകളിലുടെയും തട്ടിത്തടഞ്ഞതിന്റെ പരിക്കുകളൊക്കെ ഏറ്റുവാങ്ങിയ ശേഷം, കൗമാരകാലത്ത് തങ്ങൾ ഏറെ മോഹത്തോടെ പഠിച്ച് അരങ്ങേറിയ ചുവടുകളെയും മുദ്രകളെയും ചലനങ്ങളെയും തിരിച്ചുപിടിക്കാൻ ശ്രമിച്ചുവെന്നത് ചെറിയ കാര്യമല്ല …
ഇരിങ്ങാലക്കുട ശ്രീ കൂടല്‍ മാണിക്യം ക്ഷേത്രോത്സവ കലാവേദിയില്‍ ഇന്നലെ വൈകീട്ട് അരങ്ങിറിയ കഥകളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍ ബിന്ദു ഉള്‍പ്പെടെ വേഷമിട്ടതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകയും സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ രേണു രാമനാഥ് ഫേസ് ബുക്കില്‍ കുറിച്ച വാക്കുകള്‍ ആണിത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ-
ഒരുപാടൊരുപാട് സന്തോഷമുണ്ടായൊരു ദിവസമായിരുന്നു ഇന്നലെ. കാത്തിരുന്നൊരു ദിവസവും. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പു മന്തരിയായ ഞങ്ങളുടെ ബിന്ദുച്ചേച്ചിയും അതുപോലെത്തന്നെ പ്രിയപ്പെട്ട സുഹൃത്തുക്കളും പതിറ്റാണ്ടുകൾക്കു ശേഷം തേപ്പണിഞ്ഞ്, ചുട്ടി കുത്തി, ഉടുത്തുകെട്ടി അരങ്ങിൽ ചുവടു വച്ച ദിവസം.
ബിന്ദുച്ചേച്ചിയും ഒപ്പം പ്രശസ്ത കഥകളി നടനും ആചാര്യനുമായ രാഘവനാശാന്റെ മക്കൾ ജയശ്രീയും ജയന്തിയും പിന്നെ ബീനയും നളചരിതത്തിലെ ദമയന്തിയും ഹംസവും സഖിമാരുമായി വേഷമിട്ട് അരങ്ങിലാടിയത് മനോഹരമായൊരു സന്ദേശമായി മാറുകയായിരുന്നു.
ഒരു സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രി പണ്ടു പഠിച്ചു മറന്ന ഒരു ക്ലാസിക്കൽ കലാരൂപത്തിന്റെ ചുവടുകൾ വീണ്ടും ഓർത്തെടുക്കുന്നു എന്നതിലുപരിയായിരുന്നു വ്യക്തിപരമായി എനിക്കിന്നലത്തെ സായാഹ്നം. മദ്ധ്യവയസ്സിലെത്തിയ കുറച്ചു സ്ത്രീകൾ, കലയിൽ അത്യന്തം മികവുറ്റവരെന്ന് ആസ്വാദകരെക്കൊണ്ട് അന്നേ പറയിച്ചിട്ടും പലപല കാരണങ്ങളാൽ കലയുടെ മാർഗ്ഗത്തിൽ നിന്ന് വഴി മാറിപ്പോയി ജീവിതത്തിന്റെ കലങ്ങിമറിച്ചിലുകളിലൂടെയും കുത്തൊഴുക്കുകളിലുടെയും തട്ടിത്തടഞ്ഞതിന്റെ പരിക്കുകളൊക്കെ ഏറ്റുവാങ്ങിയ ശേഷം, കൗമാരകാലത്ത് തങ്ങൾ ഏറെ മോഹത്തോടെ പഠിച്ച് അരങ്ങേറിയ ചുവടുകളെയും മുദ്രകളെയും ചലനങ്ങളെയും തിരിച്ചുപിടിക്കാൻ ശ്രമിച്ചുവെന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഏറെ സന്തോഷമുണ്ടാക്കിയത് ജയശ്രീയെ അരങ്ങിൽ കണ്ടതായിരുന്നു. പ്രശസ്ത കഥകളിനടനായ കലാനിലയം ഗോപിയുടെ പത്നിയായ ജയശ്രീ സ്കൂൾ‑കോളജ് കാലത്ത് അനുഗ്രഹീത നർത്തകിയായിരുന്നുവെന്നത് ഇന്ന് എത്രപേർക്കറിയുമെന്നറിയില്ല.
മനു മാസ്റ്റർ എന്ന അതുല്യപ്രതിഭയുടെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ചിരുന്ന ജയശ്രീ ചിത്രാ വിശ്വേശരനിൽ നിന്നും അനുമോദനം നേടിയിരുന്നു. വർഷങ്ങളേറെക്കഴിഞ്ഞിട്ടും തികഞ്ഞ മുഖഭംഗിയോടും ചലനങ്ങളോടും കുടി അരങ്ങിലെത്തിയ ജയശ്രീ വീണ്ടും ചിലങ്കയണിയുമെന്നാഗ്രഹിക്കട്ടെ. ബിന്ദുച്ചേച്ചിയുടെ ഒപ്പം കലോത്സവവേദികളിലെ താരമായിരുന്നല്ലോ ജയശ്രീയും. ജയശ്രീയുടെ അനിയത്തി ജയന്തി ഓട്ടൻതുള്ളൽ — കഥകളി രംഗത്ത് ഇപ്പോഴും സജീവമാണ്.
സ്റ്റേജിന്റെ വശത്തിരുന്ന് കണ്ടതിനാൽ മുന്നിൽ നിന്നുള്ള കാഴ്ചയുടെ സൗന്ദര്യം നഷ്ടമായെങ്കിലും ശരീരചലനങ്ങളുടെ സൂക്ഷ്മതലങ്ങൾ അടുത്തു കാണാനായി. ഏറെ ആകർഷിച്ചത് മുദ്രകൾ കാണിക്കുമ്പോഴുള്ള ബിന്ദുച്ചേച്ചിയുടെ കൈവിരലുകളുടെ sharpness ആയിരുന്നു. അഭ്യാസത്തഴക്കമുള്ള ഒരു കലാകാരിയുടെ ഏകാഗ്രത വർഷങ്ങൾക്കിപ്പുറവും ആ വിരലുകളിലുണ്ടായിരുന്നു. Age is just a number എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നതായി ഇന്നലത്തെ സായാഹ്നം …
മന്ത്രി ആര്‍ ബിന്ദു കഥകളിയില്‍ വീണ്ടും വേഷമിടുന്ന വാര്‍ത്തകള്‍ നേരത്തത്തന്നെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കഥയറിയാതെ ആട്ടം കാണുന്നവര്‍ ഇരിങ്ങാലക്കുടയിലെ കഥകളി വേദിക്ക് മുന്നില്‍ അത്യപൂര്‍വമാണ്. കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും കഥകളിയുടെയും കൂത്തമ്പലമായ ഇരിങ്ങാലക്കുടയില്‍ ഇന്നലെ പക്ഷെ, കൗതുകത്തിനും കഥകളി കാണാനെത്തിയവരേറെയായിരുന്നു.
‘നളചരിതം ഒന്നാം ദിവസം’ കഥകളിയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ‘ദമയന്തി’യെയാണ് മന്ത്രി ആര്‍ ബിന്ദു വീണ്ടും അരങ്ങിലെത്തിച്ചത്. കൗമാരകാല ഓർമ്മകളിലേക്കും സൗഹൃദങ്ങളിലേക്കും കിളിവാതിൽ തുറന്ന് വീണ്ടുമൊരിക്കൽക്കൂടി കളിയരങ്ങിൽ. രാഘവനാശാന്റെ പ്രിയശിഷ്യയെന്നതിൽ അന്നും ഇന്നുമുള്ള നിറഞ്ഞ അഭിമാനത്തോടെ എന്ന അടിക്കുറിപ്പോടെ പരിപാടിയുടെ വീഡിയോ മന്ത്രിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
English Sammury: Age is just a number, renu ramanad’s fb post minister r bindhu’s kathakali vesham