പ്രായം നമ്പര്‍ മാത്രമാണെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടനവുമായി അല്‍ നസര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ ഖലീജിനെതിരെ റൊണാള്‍ഡോ ബൈസിക്കിള്‍ കിക്കിലൂടെ തകര്‍പ്പനൊരു ഗോള്‍ നേടി. മത്സരത്തില്‍ അല്‍ ഖലീജിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ തോല്പിച്ചു.
ജാവോ ഫെലിക്സ് (39), വെസ്ലി (42), സാദിയോ മാനെ (77) എന്നിവരാണ് അല്‍ നസറിനായി ഗോള്‍ നേടിയ മറ്റുള്ളവര്‍. ഇഞ്ചുറി ടൈമിലാണ് 40കാരനായ റൊണാള്‍ഡോയുടെ ഗോളെത്തിയത്. അല്‍ ഖലീജിന്റെ ഗോള്‍ പോസ്റ്റിനു മുന്നില്‍ വായുവില്‍ ഉയര്‍ന്നു ചാടിയ റൊണാള്‍ഡോ പന്ത് ലക്ഷ്യത്തിലെത്തിക്കുയായിരുന്നു. റൊണാള്‍ഡോയുടെ 934-ാം ഗോളായിരുന്നു ഇത്. 46 ഗോളുകള്‍ കൂടി നേടിയാല്‍ 1000 ഗോളുകളെന്ന പുത്തന്‍ നാഴികക്കല്ലില്‍ റോണോയെത്തും. ഇഞ്ചുറി ടൈമില്‍ അല്‍ ഖലീജ് താരം ദിമിട്രിയോസ് കോര്‍ബെലിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ലീഗില്‍ ഒമ്പതില്‍ ഒമ്പതും ജയിച്ച് തലപ്പത്തായി കുതിപ്പ് തുടരുകയാണ് അല്‍ നസര്‍. 14 പോയിന്റുള്ള അല്‍ ഖലീജ് ആറാമതാണ്.

