Site iconSite icon Janayugom Online

വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വിദ്യാധരൻ മാസ്റ്റർക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്കാരം

awardsawards

ഈ വർഷത്തെ വയോസേവന അവാർഡുകൾ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. സംഗീതസംവിധായകന്‍ വിദ്യാധരൻ മാസ്റ്ററേയും, കൂടിയാട്ടം പണ്ഡിതനും അധ്യാപകനുമായ വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരത്തുക.
കായിക മേഖലയിലെ മികവിന് മുന്‍ എംഎല്‍എ കൂടിയായ എം ജെ ജേക്കബ് (എറണാകുളം), കെ വാസന്തി (ആലപ്പുഴ), എന്നിവർക്ക് പുരസ്ക്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണ് ഈ പുരസ്കാരങ്ങൾ. കല,സാഹിത്യം എന്നീ മേഖലയിലെ പുരസ്ക്കാരത്തിന് കെ കെ വാസു (തിരുവനന്തപുരം), കെ എൽ രാമചന്ദ്രൻ (പാലക്കാട്) എന്നിവരെ തിരഞ്ഞെടുത്തു.

മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം മലപ്പുറം ജില്ല നേടി. മികച്ച കോർപറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം തിരുവനന്തപുരം കോർപറേഷനാണ്. കൊയിലാണ്ടി ആണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപയാണ് പുരസ്കാരം. വൈക്കം, കല്യാശ്ശേരി എന്നിവ മികച്ച ബ്ലോക്ക് പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം), പിലിക്കോട് (കാസര്‍കോട്), കതിരൂർ (കണ്ണൂർ) എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തിരഞ്ഞെടുത്തു.
മികച്ച എൻജിഒക്കുള്ള പുരസ്ക്കാരം തിരുവനന്തപുരം ജില്ലയിലെ ‘സത്യാന്വേഷണ’ ചാരിറ്റബിൾ ട്രസ്റ്റും, മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം ദേവികുളം മെയിന്റനൻസ് ട്രിബ്യൂണലും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്കാരങ്ങൾ. പുളിക്കൽ പറമ്പിലെയും (പാലക്കാട്) വേങ്ങരയിലെയും (മലപ്പുറം) സായംപ്രഭാ ഹോമുകൾക്കാണ് ആ മേഖലയിലെ മികവിന് പുരസ്കാരം. കാൽ ലക്ഷം രൂപ വീതമാണ് സമ്മാനം. 

വയോജനമേഖലയിൽ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡുകളാണ് പ്രഖ്യാപിച്ചത്. ഈ വർഷം 11 വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്ക്കാരം ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ സമ്മാനിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Exit mobile version