Site icon Janayugom Online

അഞ്ചാംദിനവും ആളിക്കത്തി അഗ്നിപഥ് ഭാരത് ബന്ദായി

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ പല സംസ്ഥാനങ്ങളിലും ബന്ദായി മാറി. ആളിക്കത്തുന്ന പ്രതിഷേധത്തില്‍ തീവണ്ടി ഗതാഗതം താറുമാറായി. സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടായ ഭാരത് ബന്ദ് ആഹ്വാനം ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അതേസമയം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടന്നുവെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല.
നിരവധി ഇടങ്ങളില്‍ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബന്ദ് 612 തീവണ്ടി സര്‍വീസുകളെ ബാധിച്ചതായി റയില്‍വേ അറിയിച്ചു. അഞ്ച് ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ റയില്‍വേയ്ക്ക് കോടികളുടെ നഷ്ടം നേരിട്ടിട്ടുണ്ട്. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പൂര്‍ണമായി തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ റയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
രാജ്യതലസ്ഥാനത്ത് അതിര്‍ത്തി റോഡുകള്‍ മണിക്കൂറുകളോളം നിശ്ചലമായി. ഡല്‍ഹി-ഹരിയാന എക്‌സപ്രസ് വേയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയെ യുപിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളായ ഡല്‍ഹി-നോയിഡ ഫ്ലൈവേ, മീററ്റ് എക്‌സ്പ്രസ് വേ, ആനന്ദ് വിഹാര്‍, സറേയ് ഖലേ ഖാന്‍, പ്രഗതി മൈദാന്‍ റോഡുകളിലെല്ലാം രാവിലെ തന്നെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ എഐവൈഎഫ് നേതൃത്വത്തില്‍ യുവജനമാര്‍ച്ചുകളും ഉപരോധങ്ങളും നടന്നു. ഹരിയാനയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഫത്തേഹബാദിലെ ലാല്‍ ബട്ടി ചൗക്ക് ഉപരോധിച്ചു. ജന്ദര്‍ മന്തറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സത്യഗ്രഹം നടത്തി.
സംഘര്‍ഷം രൂക്ഷമായ ബിഹാറില്‍ പാര്‍ട്ടി ഓഫീസുകളിലെ സുരക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് 20 ജില്ലകളില്‍ വിച്ഛേദിച്ച ഇന്റര്‍നെറ്റ് സേവനം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ ഇന്നലെയും സ്കൂളുകള്‍ അടച്ചിട്ടു.

Eng­lish sum­ma­ry; Agneepath Bharat Band
you may also like this video;

Exit mobile version