സൈനിക സേവനത്തെ കരാർവല്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ഇടതു ജനാധിപത്യ യുവജന സംഘടനകളുടെ (എൽഡിവൈഎഫ്) നേതൃത്വത്തിൽ 29ന് സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത് രാജ്‌ഭവനിലേക്കും മറ്റു ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും നടക്കുന്ന മാർച്ചിൽ യുവജനങ്ങളും വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും പങ്കെടുക്കും.
29ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സംസ്ഥാനത്തെ പ്രക്ഷോഭം. വിരമിച്ച സൈനിക ഉദ്യോഗസ്ഥരെയും ഉദ്യോഗാർത്ഥികളെയും സാമൂഹ്യ–സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ച് ജൂലൈ രണ്ടിന് എറണാകുളത്ത് വിപുലമായ യോഗം നടത്തും. തുടർ ദിവസങ്ങളിൽ പഞ്ചായത്ത് തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് സ്‌ക്വാഡുകൾ വീടുകളും തൊഴിലിടങ്ങളും സന്ദർശിച്ച് പദ്ധതിക്കെതിരെ പ്രചാരണം നടത്തും. കേന്ദ്ര സർക്കാരിന്റെ യുവജനവിരുദ്ധ നയത്തിന്റെ തുടർച്ചയാണ് അഗ്നിപഥ്. സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിട്ട് രണ്ടു വർഷത്തിലേറെയായി. കായിക പരീക്ഷ വിജയിച്ച് സംസ്ഥാനത്ത് 5000 ഉദ്യോഗാർത്ഥികളാണ് എഴുത്തുപരീക്ഷയ്ക്കായി കാത്തിരിക്കുന്നത്.
പൊതുമേഖലാസ്ഥാപനങ്ങൾ മുഴുവൻ സ്വകാര്യവല്ക്കരിച്ച് അവിടങ്ങളിലെ തൊഴിൽ സാധ്യതയും ഇല്ലാതാക്കി, ഉള്ള തൊഴിലവസരങ്ങള്‍ കൂടി ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മുന്‍പെങ്ങുമില്ലാത്ത വിധം രാജ്യത്ത് സ്വകാര്യവല്ക്കരണ നയം നടപ്പാക്കുകയാണ്. സൈന്യത്തിലേക്ക് ആർഎസ്‌എസിനെ തിരുകിക്കയറ്റാനാണ് അഗ്നിപഥിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, റോണി മാത്യു (യൂത്ത് ഫ്രണ്ട് എം), സന്തോഷ് കാല (യൂത്ത് കോൺഗ്രസ് എസ്), പി കെ അനീഷ് (വൈജെഡിഎസ്), ബി നിബുദാസ് (കെവൈഎഫ് ബി), ഷമീർ പയ്യനങ്ങാടി (എൻവൈഎൽ), ഹാപ്പി പി അബു(എല്‍വൈജെഡി) എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
English Summary:Agneepath: Left youth organizations intensify protests
You may also like this video