Site iconSite icon Janayugom Online

അഗ്നിബാന്‍ പരീക്ഷണ വിക്ഷേപണം വിജയം

ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്മോസിന്റെ അഗ്നിബാന്‍ റോക്കറ്റ് പരീക്ഷണ വിക്ഷേപണം വിജയകരം. അഗ്നികുല്‍ വികസിപ്പിച്ച അഗ്നിബാൻ സബ് ഓര്‍ബിറ്റല്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ എന്ന റോക്കറ്റാണ് വിജയകരായി വിക്ഷേപിച്ചത്. ഇന്ന് രാവിലെ 7. 15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. 575 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ നീളവുമുള്ള റോക്കറ്റ് വിക്ഷേപണ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ നാല് തവണ റോക്കറ്റിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു. 

ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രീ ഡി പ്രിന്റഡ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിന്‍ ഉപയോഗിച്ചാണ് റോക്കറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്. വാതക രൂപത്തിലും ദ്രവ രൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ചുള്ള സെമി ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് റോക്കറ്റിലുള്ളത്. വിക്ഷേപണച്ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ സെമി ക്രയോജനിക് എന്‍ജിനുകള്‍ക്കാകും. നിലവിലുള്ള ക്രയോജനിക് എന്‍ജിനുകളില്‍ ദ്രവീകൃത ഹൈഡ്രജനും ഓക്സിജനുമാണ് ഉപയോഗിക്കുന്നത്.

പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. 300 കിലോഗ്രാം ഭാരമുള്ള വസ്തു വരെ 700 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ കഴിയും. 2025 ന്റെ അവസാനത്തോടെ ഒരു പരിക്രമണ ദൗത്യമാണ് ലക്ഷ്യമെന്ന് അഗ്നികുല്‍ അറിയിച്ചു. നേരത്തെ 2022 നവംബറില്‍ സബ് ഓര്‍ബിറ്റല്‍ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ച ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയറോസ്പെയ്സ് ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ സ്ഥാപനം. 

Eng­lish Summary:Agniban test launch successful
You may also like this video

Exit mobile version