Site iconSite icon Janayugom Online

അഗ്നിപഥ്; പ്രതിഷേധാഗ്നി തണുപ്പിക്കാന്‍ വാഗ്ദാന പെരുമഴ

അഗ്നിപഥില്‍ വെട്ടിലായ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധാഗ്നി തണുപ്പിക്കാന്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി രംഗത്ത്. അഗ്നിവീറുകള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കപ്പെടുമ്പോള്‍ നിലവില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ പോരായ്മകള്‍ ഒന്നുകൂടി വ്യക്തമാകുന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ മൂന്നു സേനാ തലവന്മാരുടെയും യോഗം വിളിച്ചുചേര്‍ത്തു.

അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീറുകള്‍ക്ക് കോസ്റ്റ് ഗാര്‍ഡിലും പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ 16 പൊതു മേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലും പത്ത് ശതമാനം സംവരണം നല്‍കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ഇതിനായി നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. പൊതു മേഖലാ സ്ഥാപനങ്ങളും സമാനമായ ഭേദഗതികള്‍ വരുത്താന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഗ്നിവീറുകള്‍ക്കായി കേന്ദ്ര സായുധ പൊലീസ് സേനയിലും അസം റൈഫിള്‍സിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

നിലവിലെ ജോലിക്കായുള്ള പ്രായപരിധിയില്‍ മൂന്നു വര്‍ഷത്തെ ഇളവ് അഗ്നിവീറുകള്‍ക്ക് നല്‍കും. അതേസമയം ആദ്യബാച്ച് അഗ്നിവീറുകള്‍ക്ക് ഇത് അഞ്ചു വര്‍ഷമാക്കി. ഈ വര്‍ഷം റിക്രൂട്ട് ചെയ്യുന്നവരുടെ പരമാവധി പ്രായപരിധി 21 എന്നത് 23 ആക്കി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് അഞ്ച് വര്‍ഷത്തെ സമയക്രമം. അഗ്നിവീറുകള്‍ക്ക് മര്‍ച്ചന്റ് നേവിയില്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ ഷിപ്പിങ് മന്ത്രാലയവും നാവിക സേനയും മുന്നോട്ടു വന്നിട്ടുണ്ട്.

പത്താം ക്ലാസ് പാസായ അഗ്നിവീറുകള്‍ക്ക് സേവനത്തിനൊടുവില്‍ 12-ാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവുമായി സ്കൂള്‍ വിദ്യഭ്യാസ വകുപ്പും പ്രത്യേക ബിരുദ കോഴ്‌സെന്ന നിര്‍ദേശവുമായി ഇഗ്‌നൊയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലെ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയില്‍ തൊഴിലവസരം സൃഷ്ടിക്കാനുള്ള ചര്‍ച്ചകളും നടന്നു.

Eng­lish summary;Agneepath; Promise rain to cool protest fire

You may also like this video;

Exit mobile version