Site iconSite icon Janayugom Online

അഗ്നിപഥ്; വിജ്ഞാപനം ഉടനെന്ന് കരസേന മേധാവി

ന്യൂഡൽഹി: അഗ്നിപഥ് നിയമനം ഉടനെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ. അടുത്ത രണ്ടുദിവസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങും. ഡിസംബറിൽ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘റിക്രൂട്ട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പദ്ധതിക്കെതിരെ കാര്യങ്ങൾ അറിയാതെയാണ് യുവാക്കളുടെ പ്രതിഷേധം. യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ വിശ്വാസമുണ്ടാകുമെന്നും’- ജനറൽ മനോജ് പാണ്ഡെ കൂട്ടിച്ചേർത്തു.

കോവിഡ് 19നെ തുടർന്ന് രണ്ടുവർഷത്തിലേറെയായി ആർമി റിക്രൂട്ട്മെന്റ് നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. 2019–2020ന് ശേഷം കരസേനയിൽ റിക്രൂട്ട്മെന്റ് നടന്നിട്ടില്ല.

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാർ, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കളുടെ പ്രക്ഷോഭം ശക്തമാണ്.

സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

Eng­lish summary;agnipath protest

You may also like this video;

Exit mobile version