പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനയയ്ക്കാൻ കാലിക്കറ്റ് സർവകലാശാല തപാൽ വകുപ്പുമായി ധാരണയിലെത്തി. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ സർവകലാശാലയും തപാൽ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പു വെച്ചു. സർവകലാശാലക്ക് കീഴിൽ അഞ്ച് ജില്ലകളിലായുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഉത്തരക്കടലാസുകൾ ആദ്യ ഘട്ടം പാർസലായി സർവകലാശാലയിലേക്കാണ് എത്തിക്കുക. ഭാവിയിൽ ഉത്തരക്കടലാസിൽ ബാർകോഡിങ് ഏർപ്പെടുത്തുന്നതോടെ ഇവ നേരിട്ട് മൂല്യനിർണയ കേന്ദ്രത്തിലേക്ക് അയക്കാനാകും. പരീക്ഷ നടന്ന് അധികം വൈകാതെ ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. പരീക്ഷാഭവൻ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ഇവരെ മറ്റു സേവനങ്ങൾക്ക് ഉപയോഗിക്കുന്നതിനും പദ്ധതി ഉപകരിക്കും.
ചടങ്ങ് വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ഇ കെ സതീഷ്, തപാൽ വകുപ്പിന്റെ മഞ്ചേരി ഡിവിഷൻ സൂപ്രണ്ട് വി പി സുബ്രഹ്മണ്യൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഓഗസ്റ്റിൽ നടക്കുന്ന ബിഎഡ് പരീക്ഷയുടെ ഉത്തരക്കടലാസുകളാകും പരീക്ഷണാടിസ്ഥാനത്തിൽ പാർസലായി എത്തിക്കുക. സുരക്ഷിതമായും പിഴവുകളില്ലാതെയും ഉത്തരക്കടലസ് കൈമാറ്റത്തിനായി തപാൽ വകുപ്പിലെയും പരീക്ഷാഭവനിലെ ബന്ധപ്പെട്ട വകുപ്പുകളിലെയും ജീവനക്കാർക്ക് ശില്പശാല നടത്തും. പരീക്ഷാ കേന്ദ്രങ്ങളിലുള്ളവർക്കും പരിശീലനം നൽകും.
English summary;Agreement between the University and the Postal Department to deliver the answer sheets in parcels
You may also like this video;