ക്ഷേത്രങ്ങളിലെ പൂജയ്ക്കുള്‍പ്പടെ അരളിപ്പൂവ് ഒഴിവാക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് യോഗത്തിൽ ധാരണ. ഇത് സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി കൂടിയാലോചന നടത്തി അടിയന്തരമായി തീരുമാനം നടപ്പാക്കും. അരളിപ്പൂവിൽ വിഷാംശമുണ്ടെന്നുള്ള അടിസ്ഥാനത്തിലാണ് തീരുമാനം. ദേവ ചൈതന്യത്തിന് അരളിപ്പൂവ് ഹാനികരമാകുന്നതായി തന്ത്രിമാർ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും അടിയന്തരമായി അരളിപ്പൂവ് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുക. ശബരിമല ഉൾപ്പെടെയുള്ള പല ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം കമ്മിഷണർ, സെക്രട്ടറി, ഡെപ്യൂട്ടി കമ്മിഷണർമാർ എന്നിവരോട് ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിർദേശിച്ചു. 22 ന് ചേരുന്ന ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ഹരിപ്പാട് അരളിപ്പൂവും ചെടിയുടെ ഇലയും കഴിച്ച് യുവതി മരിച്ച വിവരം ബോർഡംഗം അഡ്വ. എ അജികുമാറാണ് യോഗത്തിൽ അറിയിച്ചത്. ഇതുസംബന്ധിച്ച് നടന്ന ചർച്ചകൾക്കൊടുവിലാണ് അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനമെടുത്തത്. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം ജി സുന്ദരേശൻ, ബോർഡ് സെക്രട്ടറി ജി ബൈജു എന്നിവരും പങ്കെടുത്തു.
അരളിപ്പൂ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നതില്‍ തൽക്കാലം വിലക്കില്ലെന്നും വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ റിപ്പോർട്ട് കിട്ടിയിട്ടില്ല. അരളിപ്പൂവ് ഒഴിവാക്കണമെന്ന നിര്‍ദേശങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ വന്നിട്ടുണ്ട്. ദേവസ്വം മന്ത്രിയുമായി ഇത് സംബന്ധിച്ച് ആലോചന നടത്തും. നിവേദ്യത്തിൽ വ്യാപകമായി അരളിപൂവ് ഉപയോഗിക്കുന്നില്ല. പുഷ്പാഭിഷേകത്തിനാണ് കൂടുതൽ ഉപയോഗിക്കുന്നത്. ക്ഷേത്ര പരിസരങ്ങളിൽ അരളി വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നം പിഎസ് പ്രശാന്ത് പറഞ്ഞു.
English Summary:Agreement in Devaswom Board meeting to avoid Aralipoo in temples
You may also like this video