Site icon Janayugom Online

പാർലമെന്റില്‍ ബില്ല് കൊണ്ടുവന്ന് നിയമം റദ്ദാക്കുന്നതിന് പുറമേ ആവശ്യങ്ങളും അംഗീകരിക്കണം; പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍

കാർഷിക നിയമഭേദഗതി പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സംയുക്ത കിസാൻ മോർച്ച സിംഗുവിൽ യോഗം ചേർന്ന് സമരം തുടരുന്നത് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തി കൂടുതൽ തീരുമാനങ്ങളടുത്തു. പാർലമെന്റില്‍ ബില്ല് റദ്ദാക്കാനുള്ള സാങ്കേതിക നടപടികൾ ആരംഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറേണ്ടതില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം കർഷക സംഘടനകളുംവെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി വിവാദ കാർഷിക നിയമഭേദഗതി റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്.

കേന്ദ്രം കൊണ്ടുവന്ന മൂന്ന് പ്രധാനപ്പെട്ട നിയമങ്ങളാണ് പ്രധാനമന്ത്രി പിൻവലിക്കുന്നതായി അറിയിച്ചത്. ദില്ലിയിലെ അതിർത്തികളിലടക്കം ഒരു വർഷത്തോളമായി കര്‍ഷകര്‍ സമരംചെയ്യുകയായിരുന്നുഎന്നാൽ, പാർലമെന്റില്‍ കേന്ദ്രസർക്കാർ വിവാദ നിയമങ്ങൾ അവതരിപ്പിച്ച് പാസാക്കിയിട്ടുള്ളത്. നിയമം റദ്ദാക്കുമ്പോൾ സ്വാഭാവികമായും ബില്ല് കൊണ്ടുവന്ന് സാങ്കേതിക നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പാർലമെൻ്റിൽ വച്ചു തന്നെ നിയമം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചാൽ മാത്രമേ ഇതിന് ഔദ്യോഗികമായ സ്വഭാവം കൈവരികയുള്ളൂ. ശേഷം, മാത്രമേ കർഷക സംഘടനകളുടെ ആവശ്യങ്ങളിൽ അവർക്ക് പൂർണ്ണ അർഥത്തിൽ വിജയം കൈവരിക്കാനായതായി അവകാശപ്പെടാനാവുകയുള്ളൂ. അതിനിടെ, കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന കോർ കമ്മിറ്റി യോഗം സമരം തുടരുന്നത് സംബന്ധിച്ച് നിലപാട് സ്വീകരിച്ചിരുന്നു.

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഒരു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന എല്ലാ സമരപരിപാടികളും കോർ കമ്മിറ്റിയിലും പഞ്ചാബിൽ നിന്നുള്ള 32 കർഷക സംഘടനകളുമായി ബന്ധപ്പെട്ട് മാത്രമാണ് ചർച്ചചെയ്ത് തീരുമാനമെടുത്തിട്ടുള്ളത്. മിനിമം താങ്ങുവില ഉറപ്പാക്കുക, കർഷകർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുക, കാർഷിക നിയമഭേദഗതി ബിൽ റദ്ദാക്കുക, മരം കോച്ചുന്ന തണുപ്പിലും വെയിലിലും അശ്രാന്തം പോരാടി സമരപന്തലുകളിൽ മരിച്ചുവീണ കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത കിസാൻ മോർച്ച കേന്ദ്രത്തിന് മുമ്പാകെ ഉന്നയിക്കുന്നുണ്ട്. പാർലമെന്റില്‍ ബില്ല് കൊണ്ടു വന്ന് നിയമം റദ്ദാക്കുന്നതിന് പുറമേ, ഈ ആവശ്യങ്ങളിൽ കൂടി കേന്ദ്രസർക്കാർ തീരുമാനമെടുത്താൽ മാത്രമേ സമരം പൂർണ അർത്ഥത്തിൽ കർഷക സംഘടനകൾ അവസാനിപ്പിക്കാനിടയുള്ളൂ.

eng­lish sum­ma­ry; Agri­cul­tur­al law should be repealed in Parliament

you may also like this video;

Exit mobile version