ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയ്ക്കായി സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും ബാലുശ്ശേരി കൃഷി അസി. ഡയരക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പ് ഉണ്ണികുളം കാർഷിക സേവന കേന്ദ്രത്തിൽ തുടരുന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ഉള്ള്യേരി, നടുവണ്ണൂർ, ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട്, കോട്ടൂർ, അത്തോളി, ഉണ്ണികുളം പഞ്ചായത്തുകളിലെ കർഷകരുടെ കേടുപാടുകൾ സംഭവിച്ച കാർഷിക യന്ത്രങ്ങളാണ് സൗജന്യമായി അറ്റകുറ്റപ്പണി തീർത്തു നൽകുന്നത്. സ്പെയർ പാർട്സുകൾ ആവശ്യമായി വന്നാൽ ആ തുക മാത്രമാണ് കർഷകരിൽ നിന്നും ഈടാക്കുന്നത്.
കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യുന്നതിനോടൊപ്പം യന്ത്രങ്ങളുടെ പരിപാലനത്തെക്കുറിച്ച് കർഷകരിൽ അവബോധമുണ്ടാക്കാനും ക്യാമ്പ് ലക്ഷ്യമിടുന്നുണ്ട്. ആദ്യ ദിവസം മുതൽ തന്നെ ക്യാമ്പിന് മികച്ച പ്രതികരണമാണ് കർഷകരിൽ നിന്നും ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. കർഷകർക്ക് കേടായ യന്ത്രങ്ങൾ ക്യാമ്പിലേക്ക് നേരിട്ട് കൊണ്ടുവരാം. ട്രാക്ടർ, ടില്ലർ തുടങ്ങിയ വലിയ യന്ത്രങ്ങൾ കർഷകർ ആവശ്യപ്പെടുന്ന സ്ഥലത്ത് ചെന്ന് റിപ്പയർ ചെയ്യുന്ന മൊബൈൽ അഗ്രോ മെഷിനറി റിപ്പയർ യൂണിറ്റിന്റെ സേവനവും ക്യാമ്പിൽ ലഭ്യമാണ്. കൂത്താളി കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രത്തിലെ വിദഗ്ധരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. പത്ത് ദിവസത്തെ ക്യാമ്പ് 13 ന് സമാപിക്കും. വിവരങ്ങൾക്ക് 9497009673 നമ്പറിൽ ബന്ധപ്പെടണം.