സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പുതിയതായി പണികഴിപ്പിച്ച കാർഷികോല്‍പ്പന്ന സംസ്ക്കരണ പരിശീലന കേന്ദ്രത്തിന്റെ ഉത്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം 50 ശതമാനം എങ്കിലും വർദ്ധിപ്പിക്കാൻ ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് ഗുണമെന്മയുള്ളതും വിഷാംശം ഇല്ലാത്തത്തുമായ ഭക്ഷണം ലഭ്യമാക്കാനും ശ്രദ്ധപതിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയതായി നിർമ്മിച്ച പരിശീലന ഹാളിന്റെയും ലബോറട്ടറി സമുച്ചയത്തിന്റെയും ഉദ്ഘാടനം എ. എം ആരിഫ് എം പി നിർവ്വഹിച്ചു. യു.പ്രതിഭ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം മേധാവി ഡോ. അനിതാ കരുൺ മുഖ്യ പ്രഭാഷണവും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ ബംഗളുരു സോണൽ ഡയറകർ ഡോ. വെങ്കിടസുബ്രഹ്മണ്യൻ വിവിധ പ്രസിദ്ധി കരണങ്ങളുടെ പ്രകാശനവും നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ് കുമാർ, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി മുരളീധരൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ശ്രീരേഖ, പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി പി റോബർട്ട്, കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജിസ്സി ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു. ഇതൊടാനുബന്ധിച്ച കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരിശീലനം ലഭിച്ച 12 ഓളം സംരംഭകരുടെ മുല്യവർദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.