Site icon Janayugom Online

കേരളത്തില്‍ സഞ്ചിത നിധി രൂപീകരിക്കാന്‍ ശ്രമിക്കും: കൃഷിമന്ത്രി

പ്രകൃതിക്ഷോഭം മൂലം നഷ്ടമുണ്ടായ കർഷകർക്ക് അടുത്ത കൃഷിക്കായി ധനസഹായം നൽകുന്നതിന് സഞ്ചിത നിധി രൂപീകരിക്കാനുള്ള സാധ്യത ധനവകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയെ അറിയിച്ചു.ഇക്കഴിഞ്ഞ പ്രളയത്തിലും കാലവർഷക്കെടുതിയിലും കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഇ കെ വിജയന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി. 

ഇക്കഴിഞ്ഞ ഒക്ടോബർ ആദ്യവാരം മുതൽ ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത മഴയിൽ കനത്ത കൃഷിനാശമാണ് കേരളത്തിലുണ്ടായതെന്ന് മന്ത്രി പറഞ്ഞു. പലയിടങ്ങളിലും കൃഷിഭൂമി ഭാഗികമായും പൂർണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. കൃഷിവകുപ്പിന്റെ പ്രാഥമിക വിവരശേഖരണ റിപ്പോർട്ട് പ്രകാരം 2021 ഒക്ടോബർ 12 മുതൽ 28വരെ മാത്രം ഇതുവരെ 451.56 കോടി രൂപയുടെ വിളനാശം സംഭവിച്ചിട്ടുണ്ട്. 

നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, റബ്ബർ എന്നിവയ്ക്കാണ് കൂടുതൽ നാശം സംഭവിച്ചതായി കണക്കാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഉടനീളം 1,17,660 കർഷകരുടെ 56,818.38 ഹെക്ടറിൽ വിള നാശം സംഭവിച്ചിട്ടുണ്ട്. കൂടാതെ 2,380 കർഷകരുടെ 1,418 ഹെക്ടർ കൃഷി സ്ഥലം നഷ്ടപ്പെട്ടതായും കണക്കാക്കിയിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതിനും കർഷകർക്ക് അപേക്ഷ സമർപ്പിക്കാനും എയിംസ് പോർട്ടൽ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. 

പ്രകൃതിഷോഭം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് സംസ്ഥാന സർക്കാർ കൃഷി വകുപ്പ് മുഖേന പ്രകൃതിദുരന്തങ്ങൾക്കായുള്ള അടിയന്തര പരിപാടി എന്ന പദ്ധതി പ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കും. കൂടാതെ കേന്ദ്ര സർക്കാരിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമുള്ള നഷ്ടപരിഹാരവും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry : agri­cul­ture min­is­ter on san­jitha nidhi 

You may also like this video :

Exit mobile version