Site iconSite icon Janayugom Online

മണ്ണ് ഉള്ളിടത്തെല്ലാം കൃഷിയും ഉണ്ടാകണം: മന്ത്രി പി പ്രസാദ്

മണ്ണും മനുഷ്യനും ഒരു അമ്മ പെറ്റ മക്കളെ പോലെ ആണെന്നും മണ്ണുള്ളിടത്തെല്ലാം കൃഷി ഉണ്ടാകണമെന്നും മന്ത്രി പി പ്രസാദ്. ഹരിത ഫാർമേഴ്സ് ക്ലബിന്റെ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം കായിപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ജീവിപ്പിയ്ക്കുന്നത് മണ്ണാണ്. മണ്ണില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. മണ്ണിനെ മറക്കുന്ന സംസ്ക്കാരം നമ്മളെ അറിയാതെ ഗ്രസിച്ചു പോയി. ഇതിന് മാറ്റം വരുത്താനാണ് ‘ഞങ്ങളും കൃഷിയിലേയ്ക്ക് ’ എന്ന പദ്ധതി തുടങ്ങിയത്.

വിഷാംശമുള്ള പച്ചക്കറി വാങ്ങില്ലെന്ന് ഓരോരുത്തരും തീരുമാനിക്കണം. നമുക്ക് ആവശ്യമുള്ളത് നമ്മൾ തന്നെ ഉൽപ്പാദിപ്പിക്കണം. ആരോഗ്യമാണ് ഏറ്റവും വലിയ സാമ്പാദ്യമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കൃഷി വളരെ ലാഭകരമായി നടത്തുന്നവരുണ്ട്. ധാരാളം ചെറുപ്പക്കാർ കൃഷി ഉപജീവനമാർഗമായി തെരഞ്ഞെടുക്കുന്നുണ്ട്. സാമ്പത്തിക ലാഭത്തേക്കാൾ പ്രാധാനമാണ് ആരോഗ്യ സംരക്ഷണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു അധ്യക്ഷത വഹിച്ചു.

Exit mobile version