അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതി ക്രിസ്റ്റ്യൻ മിഷേലിനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ റൗസ് അവന്യൂ കോടതി ഉത്തരവിട്ടു. ഈ കേസിൽ ചുമത്തപ്പെട്ട പരമാവധി ശിക്ഷാ കാലാവധിയായ ഏഴ് വർഷം മിഷേൽ ഇതിനകം തടവിൽ പൂർത്തിയാക്കി എന്ന വാദം പരിഗണിച്ചാണ് കോടതി നടപടി. എന്നാൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സമാനമായ അപേക്ഷ കോടതിയുടെ പരിഗണനയിലായതിനാൽ മിഷേൽ നിലവിൽ ജയിലിൽ തുടരും.
2018 ഡിസംബറിലാണ് ബ്രിട്ടീഷ് പൗരനായ മിഷേലിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. കഴിഞ്ഞ 12 വർഷമായി അന്വേഷണം തുടരുകയാണെന്നും മിഷേൽ 7 വർഷമായി തടവിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ഒരാളെയും തടവിൽ വെക്കാൻ പാടില്ലെന്നും അദ്ദേഹം വാദിച്ചു. മോചന ഉത്തരവിൽ സന്തോഷമുണ്ടെന്നും നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും മിഷേൽ പ്രതികരിച്ചു. അതേസമയം, മിഷേൽ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബിഐ മോചനത്തെ എതിർത്തു.
3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്‌ലാന്റ് കരാറിൽ ക്രമക്കേട് നടത്താൻ 200 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് കേസ്. സുപ്രീം കോടതിയും ഡൽഹി ഹൈക്കോടതിയും നേരത്തെ മിഷേലിന് ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും പാസ്‌പോർട്ട് ഹാജരാക്കണമെന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ മിഷേലിന്റെ പാസ്‌പോർട്ട് കാലാവധി ജയിലിനുള്ളിൽ വെച്ച് അവസാനിക്കുകയും ജാമ്യത്തുക ഹാജരാക്കാതിരിക്കുകയും ചെയ്തതിനാൽ മോചനം നീണ്ടുപോവുകയായിരുന്നു. സിബിഐ കേസിലെ മിഷേലിന്റെ അപേക്ഷയിൽ ഡിസംബർ 22ന് കോടതി വീണ്ടും വാദം കേൾക്കും.

