വഴി തർക്കത്തെ തുടർന്ന് തമ്മിൽ ശത്രുതയിൽ കഴിഞ്ഞു വരവെ അയൽവാസിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം കഠിന തടവിനും 50,000 രൂപ വീതം പിഴയും വിധിച്ചുകൊണ്ട് കൊല്ലം അഡീഷണൽ സെഷൻസ് കോടതി-V ജഡ്‌ജ് ബിന്ദു സുധാകരൻ ഉത്തരവായി.
2017 സെപ്റ്റംബര്‍ രണ്ടിന് രാത്രി ഒമ്പതോടെ തടിക്കാട് വായനശാല മുക്കിൽ രണ്ടാം പ്രതി ഷെരീഫിന്റെ വീടിന് സമീപമുള്ള കിണറ്റിൽ അഞ്ചൽ തടിക്കാട് നാസിലാ മൻസിലിൽ ഇക്ബാൽ എന്നയാളെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഇടമുളയ്ക്കൽ വില്ലേജിൽ തടിക്കാട് വായനശാല മുക്കിൽ താന്നിവിള വീട്ടിൽ റഹീം (56), ഇയാളുടെ സഹോദരനായ താന്നിവിള വീട്ടിൽ ഷെരീഫ് (48) എന്നിവര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്.
അഞ്ചൽ എസ്ഐ പി എസ് രാജേഷ് രജിസ്റ്റർ ചെയ്ത കേസ് സിഐ എ അഭിലാഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ ഹാജരായി. പ്രോസിക്യൂഷൻ സഹായിയായി സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാറും ഹാജരായി.