Site iconSite icon Janayugom Online

അഹമ്മദാബാദ് വിമാന ദുരന്തം; അന്വേഷണത്തിന് ഉന്നതതല സമിതി‍, മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

അഹമ്മദാബാദ് വിമാന ദുരന്തം അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യത്തെ വ്യോമമേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങളും സമിതി മന്ത്രാലയത്തിന് സമര്‍പ്പിക്കും. വ്യോമയാന മേഖലയ്ക്കു പുറമെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ഏജന്‍സികളും ഉന്നതാധികാര സമിതിയുടെ ഭാഗമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു അറിയിച്ചു. രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തം അപകടം ഉണ്ടായ ശേഷം ആദ്യമായാണ് സര്‍ക്കാര്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ തയ്യാറായത്. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്സ് കണ്ടെടുത്തു. അതിലെ വിവരങ്ങളുടെ ഡീ കോഡിങ് നടന്നുവരികയാണ്. അപകടത്തിലേക്ക് നയിച്ച കാരണം എന്തെന്നതില്‍ ഇതിലൂടെ വ്യക്തത വരുത്താനാകുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അട്ടിമറി ആക്ഷേപങ്ങള്‍ മന്ത്രി തള്ളി.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി അധ്യക്ഷന്‍. വ്യോമയാന മന്ത്രാലയ ജോയിന്റ് സെക്രട്ടറി, ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധി, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബിസിഎഎസ്, ഇന്ത്യന്‍ നാവിക സേന, ഐബി, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, കേന്ദ്ര‑സംസ്ഥാനതല ഫോറന്‍സിക് വിദഗധര്‍ ഉള്‍പ്പടെയുള്ളവരാണ് സമിതി അംഗങ്ങള്‍. സമിതിയുടെ ആദ്യ യോഗം നാളെ ചേരും. ഫ്ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് ശബ്ദ രേഖകള്‍, വിമാന അറ്റകുറ്റപ്പണി വിവരങ്ങള്‍, എടിസി ലോഗ്, സാക്ഷി മൊഴികള്‍ എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും സമിതി പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കും. സാങ്കേതിക തകരാര്‍, മാനുഷിക പിഴവ്, കാലാവസ്ഥാ സാഹചര്യങ്ങള്‍, മറ്റ് ലംഘനങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങള്‍ സമിതി പരിശോധിക്കും. നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് പകരമായല്ല പുതിയ സമിതി പ്രവര്‍ത്തിക്കുക. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, എന്‍ഐഎ, എന്‍എസ്ജി ഉള്‍പ്പെടെ വിവിധ ദേശീയ അന്തര്‍ ദേശീയ ഏജന്‍സികളുടെ നേതൃത്വത്തിലാണ് അപകടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെ 270 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഹോസ്റ്റല്‍ മെസിന് മുകളില്‍ കുടുങ്ങിയ വിമാനത്തിന്റെ വാല്‍ഭാഗങ്ങള്‍ താഴെയിറക്കി. ഈ അവശിഷ്ടങ്ങളിൽ വിശദമായ പരിശോധന നടത്തും. വിമാനം ഇടിച്ചിറങ്ങിയതോടെ ബലക്ഷയം സംഭവിച്ച ഹോസ്റ്റൽ പൂർണമായി ഒഴിപ്പിച്ചിട്ടുണ്ട്. 

Exit mobile version