Site iconSite icon Janayugom Online

അഹമ്മദാബാദ് ദുരന്തം; അന്വേഷണം തുടരുന്നു

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിനിടയാക്കിയത് എന്‍ജിന്‍ തകരാറോ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക്ക് സംവിധാനം പൂര്‍ണമായി നിലച്ചതോ ആവാമെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തി. വിമാനദുരന്തമുണ്ടാകുന്ന സമയത്ത് ബോയിങ് 787–8 ഡ്രീംലൈനര്‍ വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പ്രവര്‍ത്തിച്ചിരുന്നതായി വ്യക്തമായി. എന്‍ജിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇലക്ട്രിക്കല്‍ സംവിധാനം പൂര്‍ണമായും തകരാറിലാവുകയോ ചെയ്യുമ്പോള്‍ സ്വമേധയാ പ്രവര്‍ത്തനക്ഷമമാവുന്ന റാറ്റ് കാറ്റിന്റെ വേഗമുപയോഗിച്ച് താല്ക്കാലികമായി പറക്കാനാവശ്യമായ ഊര്‍ജം പ്രധാനം ചെയ്യും. വിമാനദുരന്തത്തിന്റെ വീഡിയോയും ഓഡിയോയും പരിശോധിച്ചതില്‍ നിന്ന് ദുരന്തസമയത്ത് റാറ്റ് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി.

പ്രൊപ്പല്ലര്‍ പോലെ തോന്നിക്കുന്ന റാറ്റിന്റെ വിന്യാസവും റാറ്റിന്റെ പ്രവര്‍ത്തനസമയത്തുണ്ടാകുന്ന ശബ്ദവും വീഡിയോയിലും ഒ‌ാഡിയോയിലും വ്യക്തമാണ്. മുന്‍ ഇന്ത്യന്‍ പൈലറ്റും വ്യോമയാന വിദഗ്ധനുമായ ക്യാപ്റ്റന്‍ ഇഹ്സാന്‍ ഖാലിദ് റാറ്റ് പ്രവര്‍ത്തിച്ചിരുന്നുവെന്ന വാദം ശരിവയ്ക്കുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷിന്റെ മൊഴിയും ഇതിന് ആക്കം കൂട്ടുന്നു. ദുരന്തത്തിന് തൊട്ടുമുമ്പ് വിമാനത്തില്‍ ഒരു പ്രത്യേക ശബ്ദം കേട്ടിരുന്നുവെന്നും നീലയും ചുവപ്പും ലൈറ്റുകള്‍ കത്തിയെന്നുമുള്ള മൊഴി റാറ്റിന്റെ പ്രവര്‍ത്തനമാണ് സൂചിപ്പിക്കുന്നത്. നീലയും ചുവപ്പും ലൈറ്റുകള്‍ എമര്‍ജന്‍സി ലൈറ്റുകളെയാണ് സൂചിപ്പിക്കുന്നത്.
രണ്ട് എന്‍ജിനിലും ഒരേസമയം പക്ഷിയിടിക്കുകയോ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക്ക് സംവിധാനം പൂര്‍ണമായി നിലയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഖാലിദ് പറയുന്നു. എന്നാല്‍ പക്ഷിയിടിക്കുമ്പോള്‍ ഉള്ള ലക്ഷണങ്ങളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. പക്ഷിയുടെ അവശിഷ്ടങ്ങളൊന്നും റണ്‍വേയില്‍ നിന്നോ തകര്‍ന്ന വിമാനഅവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നോ കണ്ടെത്താനായിട്ടില്ല. എന്തെങ്കിലും തീയോ തീപ്പൊരിയോ പുകയോ ഉയരുന്നതും ദൃശ്യങ്ങളിലില്ല. ഇലക്ട്രിക്കല്‍ സംവിധാനം പൂര്‍ണമായി തകരാറിലായാല്‍ ഇരു എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലയ്ക്കാമെന്ന് ഖാലിദ് ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക്ക് സംവിധാനത്തിന് തകരാറായുണ്ടാല്‍ സെന്‍സറില്‍ നിന്നും തെറ്റായ സിഗ്നല്‍ ഉണ്ടാവുകയും എന്‍ജിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയര്‍ സംവിധാനം തകരാറിലാവുകയും എന്‍ജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യാം. വിമാനം ചലിച്ചുതുടങ്ങിയെങ്കിലും വേണ്ടത്ര ഉയരത്തിലെത്തിയിരുന്നില്ല. പെട്ടെന്നുള്ള തകരാര്‍ വേഗം കുറയ്ക്കുകയും വിമാനത്തിന് പറന്നുയരാനുള്ള സാവകാശം കിട്ടാതെയാവുകയും ചെയ്തിട്ടുണ്ടാകാമെന്നും അനുമാനമുണ്ട്. 

Exit mobile version