Site iconSite icon Janayugom Online

അഹേദ്സ് നീ: അധിനിവേശത്തോടുള്ള കലാപം

Ahed's KneeAhed's Knee

ഇസ്രയേലിന്റെ അധിനിവേശത്തിനെതിരായ പലസ്തീനിയന്‍ പ്രതിഷേധത്തിന്റെ മുഖമായിരുന്നു അഹേദ് തമീമീ. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈനികര്‍ക്കെതിരെ രോഷാകുലയായ സ്വര്‍ണ ചുരുണ്ടമുടിക്കാരിയായ അഹേദിന്റെ ചിത്രം 2018 ല്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തരംഗം സൃഷ്ടിച്ചു. നിരവധിയായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ അഹേദ് തമീമി പലസ്തീന്‍ സമരത്തിന്റെ ആവേശകരമായ അധ്യായമായി മാറി.

ഇസ്രയേല്‍ സൈനികന്റെ മുഖത്തടിക്കുന്ന അഹേദിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ഇസ്രയേല്‍ നേതാക്കളുടെ പ്രതികരണവും കടുത്തതായിരുന്നു. അഹേദിനെ വെടിവയ്ക്കണമെന്നായിരുന്നു ഇസ്രയേലിലെ ഒരു പ്രധാന വലതുപക്ഷ നേതാവായ ബെസാലേല്‍ സ്മോര്‍ടിച് അഭിപ്രായപ്പെട്ടത്. കുറഞ്ഞപക്ഷം കാല്‍മുട്ടിലെങ്കിലും വെടിയേല്‍ക്കാന്‍ അഹേദ് അര്‍ഹയായിരുന്നുവെന്ന് പാര്‍ലമെന്റ് അംഗം കൂടിയായ സ്മോര്‍ടിച് പറഞ്ഞു. ഇവിടെനിന്നുമാണ് സമകാലീന ചലച്ചിത്രങ്ങളില്‍ ഏറ്റവുമധികം രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന നദവ് ലാപിഡിന്റെ ‘അഹേദ്സ് നീ’ എന്ന ചിത്രത്തിന് ആരംഭം. എന്നാല്‍ അഹേദിന്റെ സാന്നിധ്യം അവിടെ അവസാനിക്കുന്നു.

ഭരണകൂടത്തെ വിമര്‍ശിക്കുന്ന ചിത്രം സംവിധാനം ചെയ്യാന്‍ പുറപ്പെടുന്ന ചലച്ചിത്രകാരനായ വൈ നേരിടേണ്ടിവരുന്ന വെല്ലുവിളികളിലേക്ക് കഥ മാറുന്നു.
സർക്കാർ ഇടപെടൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ വരിഞ്ഞുമുറുക്കുന്നതെങ്ങനെയെന്നാണ് ചിത്രം യഥാര്‍ത്ഥത്തില്‍ ചര്‍ച്ചചെയ്യുന്നത്. തന്റെ കഴിഞ്ഞ ചിത്രത്തിന്റെ ഒരു പ്രദര്‍ശനവുമായി ദക്ഷിണ ഇസ്രയേലിലെ ഗ്രാമത്തിലെത്തുകയാണ് വൈ. എല്ലാ രാജ്യങ്ങളിലും സ്വതന്ത്രസിനിമകളുടെ നിലനില്പ് തന്നെ സര്‍ക്കാര്‍ സബ്സിഡികളിലൂടെയും മറ്റുമാണ്. അഹേദിനെക്കുറിച്ചുള്ള പുതിയ ചിത്രത്തിന് സര്‍ക്കാര്‍ സബ്സിഡി ലഭിക്കണമെങ്കില്‍ ചിത്രം സംസാരിക്കുന്ന വിഷയങ്ങളേതെന്ന് ഇസ്രയേല്‍ സാംസ്കാരിക വകുപ്പിന് മുമ്പാകെ വ്യക്തമാക്കണം. ഇതിനായി അവര്‍ നല്‍കിയ ഫോമില്‍ ഓരോ വിഷയവും അടയാളപ്പെടുത്തി നല്‍കണം. വൈയും ഈ ദൗത്യവുമായി സമീപിക്കുന്ന യഹലോം എന്ന ഉദ്യോഗസ്ഥയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സര്‍ക്കാരിന്റെ നിബന്ധന ചലച്ചിത്രകാരനെ പരിഹരിക്കാനാകാത്ത ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. നിബന്ധനകള്‍ അംഗീകരിച്ച് ഒപ്പുവച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തും.
ലാപിഡിന്റെ സ്വന്തം മനസിന്റെ പൊട്ടിത്തെറി പോലെയാണ് സിനിമയുടെ പൊട്ടിത്തെറികൾ. ദേശീയതയോടും വംശീയതയോടും. സാംസ്കാരികവും ധാർമ്മികവും രാഷ്ട്രീയവുമായ അധഃപതനത്തോടും, അധിനിവേശത്തോടുമുള്ള ചോദ്യങ്ങളാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. യഹലോമുമായുള്ള വൈയുടെ നടത്തം ഏറെ വാചാലവും കാവ്യാത്മകവുമാണ്.

വൈയുടെ സൈനികസേവന കാലത്തെ ഫ്ലാഷ്ബാക്കുകള്‍ നേരത്തെ ചെയ്യേണ്ടിവന്ന ഒത്തുതീര്‍പ്പുകളെ കുറിക്കുന്നു. എന്നാല്‍ ഇവിടെ അയാള്‍ കീഴടങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സെന്‍സര്‍ഷിപ്പ് നയത്തോടുള്ള എതിര്‍പ്പില്‍ യഹലോമുമായുള്ള ആത്മാർത്ഥമായ സൗഹൃദത്തെ വൈയ്ക്ക് വഞ്ചിക്കേണ്ടതായി വരുന്നു. സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്റെ ആവശ്യപ്രകാരം വൈ യഹലോമുമായുള്ള തന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് അയച്ചുനല്‍കുകയും ഗ്രാമവാസികളെ കേള്‍പ്പിക്കുകയും ചെയ്തു. ഇതോടെ യഹലോമിന്റെ ജോലിയും ജീവിതവും കൂടി അപകടത്തിലാകുന്നുണ്ട്. കാന്‍സര്‍ രോഗബാധിതയായ മാതാവിനോട് വൈയ്ക്കുള്ള അടുത്ത ബന്ധവും ചിത്രത്തിലുണ്ട്. അവഷാലോം പൊളാക്ക് വൈയുടെ വികാരവിക്ഷോഭങ്ങള്‍ പകര്‍ന്നാടുമ്പോള്‍ നുര്‍ ഫിബാക് യഹലോമിന് ജീവന്‍ പകരുന്നു.

 

 

പലസ്തീന്‍ വിഷയത്തെ തുറന്നരീതിയില്‍ സമീപിക്കുന്ന ഇസ്രയേല്‍ ചലച്ചിത്രങ്ങള്‍ കുറവാണ്. യുദ്ധത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും അപകടം, സാമ്പത്തിക അസമത്വം, ജനകീയമായ എതിർപ്പുകളുടെ വളർച്ച എന്നിവയെല്ലാം ഒരു അടിയന്തരാവസ്ഥ ആവശ്യപ്പെടുന്നുണ്ട്. താന്‍ വെറും രണ്ടാഴ്ചകൊണ്ടാണ് ‘അഹേദ്സ് നീ’ എഴുതിപൂര്‍ത്തിയാക്കിയതെന്ന് ലാപിഡ് പറയുന്നു. ഈ ഒരു വേഗത ചിത്രത്തിലെ ദൃശ്യങ്ങളിലും കാണാനാകും. യഥാര്‍ത്ഥജീവിതത്തിലും ലാപിഡ് ഇതേ സാഹചര്യം അഭിമുഖീകരിച്ചിട്ടുണ്ട്. അന്ന് പക്ഷേ സന്ധിചെയ്യേണ്ടിവന്നുവെന്നും നിലവില്‍ ഫ്രാന്‍സില്‍ താമസിക്കുന്ന സംവിധായകന്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം കാന്‍ ചലച്ചിത്രമേളയില്‍ ജൂറി പുരസ്ക്കാരം നേടിയ ചിത്രവും കൂടിയാണ് അഹേദ്സ് നീ. 1973‑ൽ ടെൽ അവീവിൽ ജനിച്ച ലാപിഡ് മുമ്പ് സംവിധാനം ചെയ്ത പൊലീസ് മാൻ (2011), ദി കിന്റർഗാർട്ടൻ ടീച്ചർ (2014), സിനോണിംസ് (2019) എന്നിവയും ഏറെ ശ്രദ്ധേയമായിട്ടുണ്ട്.

Exit mobile version