Site icon Janayugom Online

എഐ കാമറ: നിരത്തുകളില്‍ ഭീതിയൊഴിഞ്ഞു

സംസ്ഥാനത്ത് എഐ കാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവ്. നിയമലംഘനത്തിന് 19 എംഎൽഎമാരുടെയും 10 എംപിമാരുടെയും വാഹനങ്ങൾ ഉള്‍പ്പെടെ 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
പ്രതിവർഷം ഇൻഷുറൻസ് പുതുക്കുന്നതിന് മുമ്പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുകയും അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യും. കാമറയുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ സെപ്റ്റംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എഐ കാമറ അവലോകനത്തിനുശേഷം മന്ത്രി അറിയിച്ചു. 

എഐ കാമറ സ്ഥാപിച്ചതിന്റെ രണ്ടാം മാസമായ ജൂലൈയിൽ സംസ്ഥാനത്ത് 1,201 റോഡപകടങ്ങളില്‍ 67 പേര്‍ മരിക്കുകയും 1329 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2022 ജൂലൈയില്‍ 3316 റോഡപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3,992 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ മാസങ്ങളിൽ തന്നെ നിരവധി ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു. ജൂലൈ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ട് വരെ കണ്ടെത്തിയ 32,42,777 കേസുകളിൽ നടപടികൾ ആരംഭിച്ചു. 15,83,367 കേസുകൾ പരിവാഹൻ സൈറ്റിൽ ഉൾപ്പെടുത്തുകയും 5,89,394 ചെലാനുകൾ സൃഷ്ടിക്കുകയും ചെയ്തു. 3,82,580 ചെലാനുകൾ അയച്ചു.
ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചവർ: 2,21,251, ഹെല്‍മെറ്റ് ധരിക്കാതെ പിന്നിൽ യാത്ര ചെയ്തവർ: 1,05,606, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചവർ: 1,70,043, കൂടെ യാത്രചെയ്ത് സീറ്റ് ബെൽറ്റ് ധരിക്കാത്തവർ: 1,86,673, മൊബൈൽ ഉപയോഗിച്ചവർ: 6,118, ഇരുചക്ര വാഹനങ്ങളിൽ അധികമായി യാത്ര ചെയ്തവർ: 5,886 എന്നിങ്ങനെയാണ് കണ്ടെത്തിയ ഗതാഗതലംഘനങ്ങൾ. 25.81 കോടി രൂപയുടെ ചെലാൻ തയ്യാറാക്കിയെങ്കിലും 3.37 കോടി മാത്രമേ പിഴ ലഭിച്ചിട്ടുള്ളു.
1994 മുതല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും കാബിന്‍ യാത്രക്കാര്‍ക്കും സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കും. എഐ കാമറ പരിപാലനവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പും കെൽട്രോണും ഉപകരാറിലേർപ്പെടും. 

Eng­lish Sum­ma­ry: AI Cam­era: Fear on the streets

You may also like this video

Exit mobile version