സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ച ഇനത്തിൽ കെൽട്രോണിന് രണ്ട് ഗഡു നൽകാൻ ഹൈക്കോടതി അനുമതി. പണം നൽകിയാലും വിനയോഗിക്കരുതെന്നും കോടതി നിർദേശം നൽകി. എഐ ക്യാമറ പദ്ധതികളിൽ അഴിമതിയാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. കെൽട്രോണിന് ആദ്യ രണ്ട് ഗഡുക്കളുടെ തുക നേരത്തെ നൽകിയിരുന്നു. മൂന്നും നാലും ഗഡു അനുവദിക്കാനാണ് കോടതി ഇപ്പോൾ നിർദേശം നൽകിയിക്കുന്നത്. കെൽട്രോണിന് തുക കൈമാറുന്നത് കോടതി നേരത്തെ വിലക്കിയിരുന്നു.
ജൂൺ അഞ്ച് മുതലാണ് എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്ന് മാസത്തിലൊരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോൺ ചെലവാക്കിയ പണം ഗഡുക്കളായി നൽകാനായിരുന്നു ധാരണ പത്രം. പദ്ധതിയിൽ അഴിമതി ആരോപണം ഉയർന്നതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതിയിലെത്തി. മാത്രമല്ല ആദ്യ ധാരണ പത്രത്തിലെ പിശകുകൾ പരിഹരിച്ച് അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം പണം നൽകണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം.
ആദ്യ ഗഡു കെൽട്രോണിന് കൈമാറാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. പക്ഷേ ക്യാമറ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞിട്ടും ആദ്യ ഗഡു കെൽട്രോണിന് നൽകിയിരുന്നില്ല. 726 ക്യാമറയുടെ പദ്ധതിയിൽ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ പിഴത്തുക കുറച്ച് 9.39 കോടി നൽകിയാൽ മതിയെന്നും ഗതാഗത കമ്മീഷണർ സർക്കാരിനെ അറിയിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ആദ്യ ഗഡുവായ 9.39 കോടി കഴിഞ്ഞ ഡിസംബർ മാസത്തിലാണ് നൽകിയത്.
English Summary:AI camera: HC allows payment to Keltron
You may also like this video