Site icon Janayugom Online

എഐ ക്യാമറ; കെൽട്രോണിന് തുക നൽകാൻ ഹൈക്കോടതി അനുമതി

എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യ ഗഡു കെൽട്രോണിന് നൽകാൻ സർക്കാരിന് ഹൈക്കോടതി അനുമതി. കെൽട്രോണിന് 11.79 കോടി രൂപ നൽകാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്. ക്യാമറയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. 

പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. എഐ ക്യാമറ ഇടപാടിലെ അഴിമതി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. പദ്ധതി നടപ്പാക്കാൻ കരാർ ലഭിച്ച കെൽട്രോണിന്റെ യോഗ്യത സംബന്ധിച്ച് അന്വേഷിക്കണം, പദ്ധതിക്ക് സർക്കാർ നൽകിയ ഭരണാനുമതി റദ്ദാക്കണം തുടങ്ങിയവയായിരുന്നു ഹർജിയിലെ മറ്റ് ആവശ്യങ്ങൾ. 

ഇടപാടിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും എഐ ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആദ്യ ഗഡു കെൽട്രോണിന് നൽകാൻ അനുമതി നൽകി. ഹർജി 18 ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
എഐ കാമറകളുടെ പ്രവർത്തനം തുടങ്ങിയ ശേഷം വാഹനാപകടത്തിൽ വൻ തോതിൽ കുറവുണ്ടായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജൂൺ അഞ്ച് മുതലാണ് ക്യാമറകൾ പ്രവർത്തനം തുടങ്ങിയത്. 2022 ജൂണിൽ 344 പേർക്ക് അപകടത്തിൽ സാരമായി പരുക്കേറ്റ സ്ഥാനത്ത് ഈ വർഷം ജൂണിൽ അത് 276 ആയി കുറഞ്ഞു.

2022 ജൂലൈയിൽ 313 പേർക്ക് പരുക്കേറ്റപ്പോൾ ഈ വർഷം 264 ആയി. 2022 ഓഗസ്റ്റിൽ 3366 അപകടങ്ങളുണ്ടായിടത്ത് 2023 ഓഗസ്റ്റിൽ 1065 മാത്രമാണുണ്ടായത്. 307 പേർക്ക് മാരകമായി പരുക്കേൽക്കുകയും 4040 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, 2023 ഓഗസ്റ്റിൽ 58 പേർക്കാണ് മാരകമായി പരുക്കേറ്റത്. 1197 പേർക്ക് മാത്രമാണ് മാരകമല്ലാത്ത പരുക്കേറ്റത്. 

ക്യാമറകൾ പ്രവർത്തനം തുടങ്ങിയ ശേഷം ഇതുവരെ 7.62 കോടി രൂപ സർക്കാർ ഖജനാവിൽ എത്തിക്കഴിഞ്ഞു. സെപ്റ്റംബറിലെ കണക്ക് പ്രകാരം 59.72 കോടി രൂപയാണ് ലഭിക്കാനുള്ളതെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. 

Eng­lish Sum­ma­ry; AI Cam­era; High Court allows Kel­tron to pay the amount

You may also like this video

Exit mobile version