എഐ കാമറ സംവിധാനം പ്രവർത്തനസജ്ജമായ ശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജൂൺ അഞ്ചു മുതൽ സെപ്‌റ്റംബർ 30 വരെ 62,67,853 ട്രാഫിക് നിയമലംഘനങ്ങളാണ് നടന്നത്. ജൂണില്‍ 18.77 ലക്ഷമായിരുന്ന നിയമലംഘനം സെപ്റ്റംബർ ആയതോടെ 13.38 ലക്ഷം ആയി കുറഞ്ഞു. പ്രതിദിനം നാലുലക്ഷമുണ്ടായിരുന്ന നിയമലംഘനങ്ങൾ ശരാശരി നാല്പതിനായിരമായി ഇക്കാലയളവിൽ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ട്രാഫിക് നിയമലംഘനത്തിന് ഇതുവരെ 102.80 കോടിയുടെ രൂപയുടെ ചെല്ലാൻ അയച്ചതായും മന്ത്രി പറഞ്ഞു. ഇതില്‍ പിരിഞ്ഞുകിട്ടിയത് 14.88 കോടി മാത്രമാണ്. ഈ മാസം എട്ടുവരെ പിഴയായി ലഭിച്ച തുകയാണിത്. 7.5 ലക്ഷം നിയമലംഘനങ്ങൾക്കാണ് നിലവില്‍ നോട്ടീസ് അയച്ചത്.
മോട്ടോർ വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന സമയം പരിവാഹൻ വെബ് സൈറ്റിൽനിന്നും എസ്എംഎസ് സന്ദേശം വാഹന ഉടമകൾക്ക് രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ ലഭിക്കും. ഈ സന്ദേശത്തിൽ ലഭ്യമാകുന്ന ലിങ്കിൽനിന്നും വാഹനത്തിന്റെ നിയമ ലംഘനം വ്യക്തമാകുന്ന ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാണ്. ഇതുകൂടാതെ ഇ‑ചെല്ലാൻ നോട്ടീസ് വാഹന ഉടമയ്ക്ക് തപാൽ മാർഗം അയച്ചുനൽകും. പരിവാഹൻ വെബ്‌സൈറ്റിൽ മൊബൈൽ നമ്പർ ചേർക്കാനും പഴയനമ്പർ മാറ്റി പുതിയവ നൽകാനും കഴിയും. ഇതു സംബന്ധിച്ച വിവരങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും നവംബർ ഒന്നു മുതൽ ഡ്രൈവർക്കും മുൻ സീറ്റിലെ സഹയാത്രികനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary: Violations reduced after AI camera becomes operational: Transport Minister
You may also like this video