Site iconSite icon Janayugom Online

എഐ: സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സമിതി

നിര്‍മ്മിത ബുദ്ധിയുടെ നവീന മാതൃകകളില്‍ ‍സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ കൈകോര്‍ക്കുന്നു. ചാറ്റ് ജിപിറ്റി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ, ആന്ത്രോപിക്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ ഡീപ്പ് മൈൻ‍ഡ് എന്നീ ടെക് ഭീമന്മാരുമായി ചേര്‍ന്ന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നിരീക്ഷണം നടത്തുക. നിലവിലെ നിലയെക്കാള്‍ മികച്ചതും എന്നാല്‍ ഉത്തരവാദിത്തവും സുരക്ഷിതവുമായ എഐ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും സംഘം വ്യക്തമാക്കി.
കമ്പനികള്‍ നിര്‍മ്മിക്കുന്ന എഐ സാങ്കേതിക വിദ്യ സുരക്ഷിതവും സുതാര്യവും മനുഷ്യന് നിയന്ത്രിക്കാൻ കഴിയുന്നതുമായിരിക്കണമെന്ന് അവര്‍ തന്നെ ഉറപ്പാക്കണമെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തതോടെയുള്ള നിര്‍മ്മിത ബുദ്ധി വികസിപ്പിക്കുന്നതിനും വെല്ലുവിളികള്‍ നേരിടുന്നതിനും മനുഷ്യ രാശിയുടെ നന്മയ്ക്കും ഈ തീരുമാനം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സുരക്ഷിതമായ നിര്‍മ്മിത ബുദ്ധി വികസനത്തിനായി ഗവേഷണങ്ങള്‍ നടത്തുക, മാനദണ്ഡം നിശ്ചയിക്കുക, ഉത്തരവാദിത്ത എഐ നിര്‍മാണം പ്രോത്സാഹിപ്പിക്കുക, രാഷ്ട്രീയ നേതാക്കള്‍, വിദഗ്ധര്‍ തുടങ്ങിയവരുമായി ഗുണനിലവാരമുള്ള നിര്‍മ്മിത ബുദ്ധി മാതൃകകള്‍ ചര്‍ച്ച ചെയ്യുക, കാലാവസ്ഥാ വ്യതിയാനം, അര്‍ബുദ രോഗ നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തുക തുടങ്ങിയവയാണ് സംഘം ലക്ഷ്യമിടുന്നതെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.

Eng­lish sum­ma­ry; AI: Spe­cial com­mit­tee to ensure security
you may also like this video;

Exit mobile version