Site iconSite icon Janayugom Online

എഐയ്ക്ക് കടിഞ്ഞാണ്‍; യൂറോപ്യന്‍ യൂണിയന്‍ നിയമം പാസാക്കി

നിര്‍മ്മിത ബുദ്ധി (എഐ)യുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ടുള്ള നിയമത്തിന് യൂറോപ്യന്‍ യൂണിയന്‍ അന്തിമ അനുമതി നല്‍കി. യൂറോപ്പിലെ ബിസിനസ്, സ്ഥാപനങ്ങള്‍, ആരോഗ്യപരിപാലനം എന്നിവ മുതല്‍ നിരീക്ഷണ സംവിധാനങ്ങളിലുള്‍പ്പെടെ നിയമം ബാധകമായിരിക്കും.
കഴിഞ്ഞ ഡിസംബറില്‍ 38 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ‘എഐ നിയമ’വുമായി മുന്നോട്ടുപോകാൻ യൂറോപ്യൻ യൂണിയൻ (ഇയു) ജനപ്രതിനിധികളും നയരൂപീകരണച്ചുമതലയുള്ള നേതാക്കളും ധാരണയിലെത്തിയത്. നിർമ്മിത ബുദ്ധിയെ നിയമാനുസൃതം മെരുക്കാനുള്ള ഇയു ശ്രമം ലോകത്ത് ആദ്യത്തേതാണ്. മനുഷ്യരാശിക്ക് വിശ്വസിക്കാവുന്ന വിധം എഐയെ വികസിപ്പിക്കാനുള്ള നിയമചട്ടക്കൂടായാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്.
ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങൾക്കായി സർക്കാരുകൾ എഐയെ പ്രയോജനപ്പെടുത്തുന്നതിനുൾപ്പെടെ മാർഗരേഖകളാണ് നിയമത്തിലുള്ളത്. എഐ ഉപയോഗിച്ചുള്ള ബഹുവിഷയ സഹായിയായ ചാറ്റ്ജിപിടിക്കുമേലും നിയന്ത്രണം വരും. ചാറ്റ്ജിപിടിയും മറ്റു പൊതു എഐ സംവിധാനങ്ങളും വിപണിയിലെത്തിക്കും മുമ്പ് സുതാര്യതാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.

ഇയുവിന്റെ കോപ്പിറൈറ്റ് നിയമങ്ങൾ പാലിക്കണമെന്നും എഐയെ പരിശീലിപ്പിക്കാനായി ഉപയോഗിച്ച ഉള്ളടക്കത്തിന്റെ വിശദമായ വിവരണം കൈമാറണമെന്നും നിർദേശമുണ്ട്. ഭീകരവാദം പോലെ ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ സർക്കാരുകൾ തത്സമയ ബയോമെട്രിക് നിരീക്ഷണം പ്രയോജനപ്പെടുത്താൻ പാടുള്ളൂ. എഐയുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാര സംവിധാനം നിർദേശിക്കുന്നതാണ് നിയമത്തിന്റെ മറ്റൊരു സവിശേഷത. വ്യവസ്ഥകൾ ലംഘിച്ചാൽ കമ്പനികൾ 75 ലക്ഷം യൂറോ മുതൽ 3.5 കോടി യൂറോ വരെ പിഴ നൽകേണ്ടിവരുമെന്നും നിയമത്തില്‍ പറയുന്നു.
വിദ്യാഭ്യാസം, നിയമനം, സര്‍ക്കാര്‍ സേവനം സാധ്യമാക്കുക എന്നിവ ഇയു എഐ നിയമത്തില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ളത് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തെറ്റായ വിവരങ്ങളുടെ വ്യാപനം, തെരഞ്ഞെടുപ്പ് ഇടപെടല്‍ എന്നിവകളിലേക്ക് ഉള്‍പ്പെടെ നയിച്ചേക്കാവുന്ന ഡീപ് ഫേക്ക്, കൃത്രിമ മാധ്യമ സംവിധാനങ്ങളില്‍ എഐ നിര്‍മ്മിതമെന്ന് വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. 2021ലാണ് എഐ നിയമം യൂറോപ്യന്‍ യൂണിയനില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. അവസാനവട്ട പരിശോധനയ്ക്ക് ശേഷം യൂറോപ്യന്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ മേയ് മാസത്തോടെ നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയേക്കും. 

Eng­lish Summary:AI takes the reins; The Euro­pean Union passed the law
You may also like this video

Exit mobile version