Site icon Janayugom Online

തമിഴ്നാട്ടില്‍ എഐഡിഎംകെയില്‍ പൊട്ടിത്തെറി ; സ്വാധീനമുറപ്പിക്കാന്‍ ഇപിഎസ്, ഒപിഎസ് പോര്

തമിഴ്നാട്ടിൽ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിലെ ഉൾപ്പോര് പൊട്ടിത്തെറിയിലേക്ക്. ഇരു പാർട്ടികളെപ്പോലെ ചേരി തിരിഞ്ഞാണ് ഇപിഎസ്, ഒപിഎസ് വിഭാഗങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനം. എല്ലാ ജില്ലകളിലും ഇരുവിഭാഗങ്ങളും സ്വാധീനമുറപ്പിക്കാൻ കരുനീക്കങ്ങൾ സജീവമാക്കി. ഇരട്ട നേതൃത്വം ഒഴിവാക്കി പാർട്ടിയിൽ ജനറൽ സെക്രട്ടറി പദവി തിരികെ കൊണ്ടുവരണമെന്നാണ് രണ്ടു വിഭാഗങ്ങളുടേയും ആവശ്യം. ചെന്നൈയിൽ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി കേന്ദ്രമാക്കിയാണ് പളനിസാമിയുടെ പ്രവർത്തനം.

റോയാപേട്ടിലെ പാർട്ടി ആസ്ഥാനം കേന്ദ്രമാക്കി പനീർസെൽവവും സ്വാധീനമുറപ്പിക്കാനുള്ള ശ്രമം തുടരുന്നു. നാല് ദിവസമായി ഗ്രൂപ്പ് യോഗങ്ങൾ തുടരുകയാണ്. പാർട്ടി ആസ്ഥാനത്തിന് മുമ്പിൽ ദിവസങ്ങളായി വാഗ്വാദവും പോർവിളിയുമായി അസാധാരണ സാഹചര്യം. ശക്തികേന്ദ്രങ്ങളിൽ നടക്കുന്ന ഗ്രൂപ്പ് യോഗങ്ങളിൽ നേതാക്കളെ ഇരു വിഭാഗം അണികളും ജനറൽ സെക്രട്ടറി എന്ന് വിശേഷിപ്പിച്ചും തുടങ്ങി. പാർട്ടി ജില്ലാ നേതൃത്വങ്ങളുടെ പിന്തുണയേറെയും പളനിസാമിക്കാണ്. അദ്ദേഹം വിളിച്ച ഗ്രൂപ്പ് യോഗത്തിൽ എംഎൽഎമാരും പാർട്ടി നേതാക്കളും കൂട്ടത്തോടെ എത്തി. തെക്കൻ ജില്ലകളിലെ നേതാക്കളേറെയും പനീർശെൽവത്തെയും പിന്തുണയ്ക്കുന്നു.

ഈ മാസം 23ന് നടക്കുന്ന പാർട്ടി ജനറൽ കൗൺസിലിൽ ഒറ്റ നേതൃത്വം വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഏതായാലും അതിനൊരാഴ്ച മുമ്പേ ഇരുവിഭാഗം അണികളും പോർവിളിയുമായി തെരുവിലുണ്ട്. മുൻ മന്ത്രി സെല്ലൂർ രാജു, നത്തം വിശ്വനാഥൻ തുടങ്ങി ഒട്ടേറെ നേതാക്കൾ ഗ്രൂപ്പ് പോരിൽ നയം വ്യക്തമാക്കിയിട്ടില്ല. പക്ഷേ എംജിആറിന്‍റേയും ജയലളിതയുടേയും കാലത്തെപ്പോലെ ഏകനേതൃത്വം വേണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. താൻ ജനറൽ സെക്രട്ടറി ആയില്ലെങ്കിലും പളനിസാമി ആകാതിരിക്കാൻ ജനറൽ സെക്രട്ടറി പദവി വേണ്ടെന്ന നിലപാട് പനീർശെൽവം സ്വീകരിച്ചേക്കും.

Eng­lish Sum­ma­ry: AIADMK blast in Tamil Nadu; EPS and OPS bat­tle to estab­lish influence

You may also like this video:

Exit mobile version