Site iconSite icon Janayugom Online

വയനാട് ജനതയ്ക്ക് എഐബിഇഎ ഒരു കോടിയുടെ സഹായമെത്തിക്കും

AIBEAAIBEA

പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന വയനാട് ജനതയ്ക്ക് എഐബിഇഎയുടെ നേതൃത്വത്തിൽ ഒരു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം അറിയിച്ചു. തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (കേരളാ) ആസ്ഥാനമായ ടി കെ വി സ്മാരകത്തിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എഐബിഇഎ 25 ലക്ഷം രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ഘടകമായ ആൾ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഇതിനകം പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. എഐബിഇഎയുടെ വിവിധ യൂണിയനുകളും ബാങ്ക് ജീവനക്കാരും ചേർന്ന് പുനർ നിർമ്മാണത്തിന് പരമാവധി പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പ്രവർത്തനത്തിന്റെ അമ്പത് വർഷം പൂർത്തിയാക്കിയ ടി കെ വി സ്മാരകം പൊതു സമൂഹത്തിന് നൽകിയ വിലയേറിയ സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. രാജ്യത്ത് ബാങ്കുകളിൽ ഒഴിവുള്ള രണ്ടു ലക്ഷത്തിലധികം തസ്തികകളിൽ ഉടൻ നിയമനം നടത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഇതിനായി രാജ്യവ്യാപക പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്നും സി എച്ച് വെങ്കടാചലം പറഞ്ഞു. പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. 

എകെബിഇഎഫ് ജനറൽ സെക്രട്ടറി ബി രാംപ്രകാശ്, പ്രസിഡന്റ് കെ എസ് കൃഷ്ണ, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ മല്ലിക, സംഘടനാ നേതാക്കളായ പി എം അംബുജം, കെ മുരളീധരൻ പിള്ള, സി ടി കോശി, വി പി രാധാകൃഷ്ണൻ, സുബിൻ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി എം പി വിജേഷ് നന്ദിയും പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (കേരള) വയനാട് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Exit mobile version