Site iconSite icon Janayugom Online

വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി

കെപിസിസി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതൃ യോഗങ്ങള്‍ നിരന്തരം ബഹിഷ്കരിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാനത്തെ പ്രധാന നേതാക്കളുടെ യോഗത്തിലാണ് സതീശന്റെ ഇത്തരം നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള സതീശന്റെ നിസ്സഹരണത്തിന് സതീശനെ പാര്‍ട്ടി ഹൈക്കമാന്‍ഡ് താക്കീതും ചെയ്തു.

യോഗത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണിജോസഫും, വിഡി സതീശനും തമ്മില്‍ വാക്പോരുമുണ്ടായി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഇടപെട്ടാണ് പരസ്പരമുള്ള പോര്‍ വിളി ശാന്തമാക്കിയത്. കെപിസിസി വിളിക്കുന്ന നിര്‍ണായക യോഗങ്ങള്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒഴിവാക്കുന്ന ഒരു പ്രത്യേക നേതാവിന്റെ ശീലം സംഘടനയ്ക്ക് വലിയ നഷ്ടം വരുത്തിയെന്ന് ദീപാദാസ് മുന്‍ഷി അഭിപ്രായപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറിയുടെ തുറന്നുപറച്ചില്‍ യോഗത്തില്‍ പങ്കെടുത്ത സംസ്ഥാനത്തു നിന്നുള്ള നേതാക്കളെ അത്ഭുതപ്പെടുത്തിയതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ .

വി ഡി സതീശന്റെ ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ‚എല്ലാ നേതാക്കളും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നത് ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുത്തവര്‍ ആരും തന്നെ വി ഡി സതീശനെ പിന്തുണച്ചില്ല. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള നേതാക്കളായ സണ്ണി ജോസഫ്, വിഡി സതീശന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരാന്‍ എ പി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് തുടങ്ങിയ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു . സംസ്ഥാന രാഷ്ട്രീയത്തില്‍ എഐസിസസി സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ ഇടപെടുന്നതിന്റെ ഭാഗമായിട്ടുവേണം സീതീശനെതിരെയുള്ള വിമര്‍ശനങ്ങളെ കാണേണ്ടത്. ഒരു കാലത്ത് കെസി ‑വിഡി അച്ചുതണ്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടും പേരും തമ്മില്‍ കൂടുതല്‍ അകന്നിരിക്കുകയാണ്.

സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം ചുമതലയേറ്റതിനുശേഷം തന്നെ സംഘടനാ തീരുമാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യോഗത്തില്‍ ആരോപിച്ചു. അടുത്തിടെ പ്രഖ്യാപിച്ച കെപിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കുമ്പോള്‍ തന്നോട് ആലോചിച്ചിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു. പുതിയ കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്റുമാരെയും നിയമിച്ചപ്പോള്‍ കൂടിയാലോചിച്ചില്ല എന്നായിരുന്നു സതീശന്റെ പരാതി. എന്നാല്‍ ഈ ആരോപണം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിഷേധിച്ചു.കെപിസിസി ഭാരവാഹി പട്ടിക അന്തിമമാക്കുന്നതിന് മുമ്പ് സതീശനെ രണ്ടോ മൂന്നോ തവണ ബന്ധപ്പെട്ടിരുന്നുവെന്ന് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനോട് പറഞ്ഞു. മുതിര്‍ന്ന നേതാക്കളും മുന്‍ കെപിസിസി പ്രസിഡന്റുമാരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുമായും മതിയായ കൂടിയാലോചന നടത്തിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍ സതീശന്‍ നിസസഹരണമാണ് നടത്തിയതെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു .

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി കേരള നേതാക്കളെ ഓര്‍മ്മിപ്പിച്ചു. ഖാര്‍ഗെയും രാഹുലുമായുള്ള പ്രത്യേക കൂടിക്കാഴ്ചകളില്‍, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ സംഘടനാ കാര്യങ്ങളില്‍ നടത്തുന്ന അമിതമായ ഇടപെടലിനെക്കുറിച്ച് സംസ്ഥാന നേതാക്കള്‍ പരാതിപ്പെട്ടു. പുതിയ കെ പി സി സി പ്രസിഡന്റിന്റെ അനുഭവക്കുറവ് മൂവരും മുതലെടുക്കുകയാണെന്നാണ് ആക്ഷേപം.സംസ്ഥാന നേതൃത്വത്തിനുള്ളിലെ അനൈക്യം കണക്കിലെടുത്ത്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കാന്‍ എ ഐ സി സി തീരുമാനിച്ചു. നിലവിലുള്ള ജംബോ കമ്മിറ്റികളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ സമിതി ചെറുതായിരിക്കും. കെ പി സി സി പ്രസിഡന്റ്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, വര്‍ക്കിങ് പ്രസിഡന്റുമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പുതിയ കോര്‍ കമ്മിറ്റിയില്‍ ഉണ്ടാകുമെന്നാണ് സൂചന.

Exit mobile version